ചേലക്കര: പടിവാതിൽക്കൽ പൊലീസ് എത്തുമ്പോൾ പേടിക്കണ്ട ജനമൈത്രി പൊലീസ് വിവരശേഖരണത്തിനു വീട്ടിലെത്തിയതാണ്. ജനമൈത്രി പൊലീസ് സംവിധാനം ജനുവരി 1 മുതൽ പഴയന്നൂർ സ്റ്റേഷനിലും നടപ്പാക്കിയതോടെയാണ് വിവരശേഖരണത്തിനായി പൊലീസ് വീട്ടുമുറ്റത്ത് എത്തുന്നത്.
പൊലീസും ജനങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിച്ചു കുറ്റ കൃത്യങ്ങളുടെ തോത് കുറക്കുക, ലഹരി ഉപയോഗം തടയുക, ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവർക്ക് സുരക്ഷ ഉറപ്പാക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുക എന്നിവയാണ് ജനമൈത്രി പൊലീസിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സംസ്ഥാന തലത്തിൽ എ.ഡി.ജി.പിയും ജില്ലാ തലങ്ങളിൽ എ.സി.പിമാരും സ്റ്റേഷൻ എസ്.എച്ച്.ഒമാരും തിരഞ്ഞെടുത്ത രണ്ട് പൊലീസുകാരുമാണ് ജനമൈത്രി പൊലീസിന്റെ ഭാഗം. വിവരശേഖരണത്തിനെത്തുന്ന പഴയന്നൂർ സ്‌റ്റേഷനിലെ സി.പി.ഒമാരായ ഡിജോ വാഴപ്പിള്ളിയും ടി.പി. പ്രസാദും വീട്ടുകാർക്ക് സ്‌റ്റേഷനിലെയും ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, പി.ആർ.ഒ, ബീറ്റ് ഓഫീസർമാർ എന്നിവരുടെ നമ്പർ നൽകിയാണ് മടങ്ങുന്നത്.
ജനങ്ങളും പൊലീസും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ഒത്തൊരുമിച്ച് നിന്ന് ക്രിമിനൽവത്കരണം നാട്ടിൽ നിന്ന് തുടച്ചു നീക്കുന്നതിനും ജനങ്ങളുടെ സത്യസന്ധമായ ആവശ്യങ്ങൾക്ക് ഉടൻ നീതി നടപ്പിലാക്കുന്നതിനുമാണ് ജനമൈത്രി പൊലീസ് ശ്രമിക്കുന്നത്.