തൃശൂർ: ജില്ലയിൽ രണ്ടു ദിവസമായി അപ്രതീക്ഷിതമായി പെയ്ത മഴയിൽ നെഞ്ചിടിപ്പ് വർദ്ധിച്ച് നെൽ കർഷകർ. രണ്ടു ദിവസവും രാത്രി ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴ ലഭിച്ചു. ഈ മാസം അവസാനം മുതൽ കൊയ്ത്തു തുടങ്ങുന്ന മുണ്ടകൻ കൃഷി ഇറക്കിയവരാണ് ആശങ്കയിലായിരിക്കുന്നത്. പലയിടത്തും നെൽച്ചെടികൾ വീണു. ഇതു മൂലം മെഷീൻ ഇറക്കി കൊയ്തെടുക്കാൻ ഏറെ ബുദ്ധിമുട്ട് ആണെന്നും കർഷകർ പറയുന്നു. കൊയ്തെടുക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നത് കടുത്ത സാമ്പത്തിക നഷ്ടവും വരുത്തും. മണിക്കൂറിനു 1500 രൂപ എന്ന നിരക്കിലാണ് മെഷീന്റെ വാടക. ഇനിയും മഴ തുടർന്നാൽ കൃഷി മൊത്തമായി നശിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കാലാവസ്ഥയിൽ വന്ന മാറ്റം ആണ് അപ്രതീക്ഷമായ മഴക്ക് കാരണം എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. മഴ നീണ്ടു നിൽക്കാനുള്ള സാദ്ധ്യത കുറവാണെന്നും ചൂണ്ടികാട്ടുന്നു. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പല സ്ഥലങ്ങളിലും വൈദുതി ബന്ധം തകരാറിൽ ആയി. ജില്ലയിലെ വടക്കു കിഴക്കൻ മേഖലകളിലും കുന്നംകുളത്തിന്റെ പരിസര പ്രദേശങ്ങളിലും വ്യാപകമായി മുണ്ടകൻ കൃഷി ഇറക്കിയിരുന്നു. ലോക്ക് ഡൗണും കൊവിഡ് വ്യാപനവും കാരണം യുവാക്കൾ അടക്കമുള്ള നിരവധി പേർ നെൽക്കൃഷിയിലേക്ക് തിരിഞ്ഞു. കൊയ്യാനുള്ള ഒരുക്കം നടക്കുമ്പോഴാണ് മഴ ചതിച്ചത്. കടവല്ലൂർ, പോർക്കുളം, കടങ്ങോട്, ചൊവ്വന്നൂർ മേഖലകളിൽ കൊയ്ത്തിന് തുടക്കമായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ കുറഞ്ഞതോടെ പാടങ്ങളിൽ ഏറെയും യന്ത്രങ്ങളാണ് കൊയ്ത്ത് നടത്തുന്നത്.
നടീലിനുമെത്തി മഴ
ജൂലായ് പകുതിയോടെയാണ് രണ്ടാം വിളയായ മുണ്ടകൻ കൃഷിക്കുള്ള ഒരുക്കം തുടങ്ങുന്നത്. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായാണ് വിത്തിറക്കുന്നത്. ഏതാണ്ട് 130 ദിവസത്തിനുളളിൽ കൊയ്യാം. ഇത്തവണ തൊഴിലാളികൾ കുറഞ്ഞതിനാൽ നടീലിന് പ്രതിസന്ധിയിലായിരുന്നു കർഷകർ. തമിഴ്‌നാട്, ബംഗാൾ, ആസം, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നടീൽ പ്രവൃത്തികളിൽ 80 ശതമാനവും നടത്തിയിരുന്നത്. നടീലിനാണ് തൊഴിലാളികൾ കൂടുതൽ വേണ്ടിവരുന്നത്. യന്ത്രം ഉപയോഗിച്ചുളള നടീൽ പ്രായോഗികമല്ല. ഇത്തവണ നടീൽ സമയത്ത് ശക്തമായ മഴയുണ്ടായതും തിരിച്ചടിയായിരുന്നു.