തൃശൂർ: കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി ജില്ലയിൽ 75 പേരിൽ നടത്തിയ വാക്‌സിൻ ഡ്രൈ റൺ വിജയകരം. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജ്, അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രം, സ്വകാര്യ മേഖലയിൽ നിന്നുള്ള ദയ ആശുപത്രി എന്നിവിടങ്ങളിൽ 25 പേർക്ക് വീതമാണ് ഡ്രൈ റൺ നടത്തിയത്.
രാവിലെ 10 മുതൽ 12 വരെയാണ് വാക്‌സിൻ ഡ്രൈ റൺ നടന്നത്. വാക്‌സിൻ സ്വീകരിക്കാൻ ജില്ല പൂർണ സജ്ജമാണെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. വാക്‌സിൻ എത്തുന്ന മുറയ്ക്ക് ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളൊരുക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. പ്രതിദിനം നൂറ് പേർക്ക് വീതം വാക്‌സിൻ നൽകാൻ കഴിയുന്ന ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഇതിനായി സജ്ജീകരിക്കുമെന്ന് ഡി.എം.ഒ ഡോ. കെ.ജെ റീന പറഞ്ഞു.
നാല് പേർ വീതമുള്ള ജില്ലാതല സംഘമാണ് മൂന്നിടങ്ങളിലും വാക്‌സിൻ ഡ്രൈ റണ്ണിന് നേതൃത്വം നൽകിയത്. കൊവിൻ സോഫ്റ്റ് വെയറിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് അതാത് ഇടങ്ങളിൽ വാക്‌സിൻ ഡ്രൈ റണ്ണിനായെത്തിയത്. മുൻ നിശ്ചയപ്രകാരമുള്ള സമയത്ത് വാക്‌സിൻ സ്വീകരിക്കേണ്ട വ്യക്തി ആദ്യം ഒന്നാം വാക്‌സിനേഷൻ ഓഫീസറുടെ അരികിലെത്തുകയും പേര് വിവരങ്ങൾ പരിശോധിച്ച ശേഷം ആദ്യത്തെ വാക്‌സിനേഷൻ ഓഫീസർ സാനിറ്റൈസർ നൽകി നടപടികൾ തുടങ്ങുകയുമായിരുന്നു. രണ്ടാം വാക്സിനേഷൻ ഓഫീസർ വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ മൊബൈലിൽ വന്ന സന്ദേശവുമായി ഒത്തു നോക്കി. തുടർന്നാണ് വാക്‌സിൻ നൽകിയത്. 30 മിനിറ്റ് നിരീക്ഷണത്തിന് ശേഷമാണ് അടുത്തയാൾക്ക് വാക്സിൻ നൽകിയത്.