women

തൃശൂർ: സ്വയരക്ഷാ പരിശീലനത്തിനുള്ള വുമൺസ് സെൽഫ് ഡിഫൻസ് പദ്ധതി അഞ്ച് വർഷം പിന്നിടുമ്പോൾ ജില്ലയിൽ സിറ്റി, റൂറൽ പരിധികളിലായി പരിശീലനം നേടിയത് രണ്ട് ലക്ഷത്തോളം വനിതകൾ.

സിറ്റി, റൂറൽ പരിധികളിലു ള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, റെസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ എന്നിങ്ങനെ എല്ലാ സർക്കാർ, പൊതു മേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സ്വയരക്ഷാ പാഠങ്ങളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നൽകുകയും തുടർന്ന് മോഷണം, ഗാർഹികപീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി സ്ത്രീകളും കുട്ടികളും അനുഭവിച്ചേക്കാവുന്ന അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായുള്ള പ്രതിരോധതന്ത്രങ്ങളും പരിശീലിപ്പിക്കുകയുമായിരുന്നു.

2015ൽ സംസ്ഥാനത്ത് 19 പൊലീസ് ജില്ലകളിലും ആരംഭിച്ച വുമൺസ് സെൽഫ് ഡിഫൻസ് വഴി സ്ത്രീകൾക്ക് ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളിൽ നിന്നും സ്വയരക്ഷ നേടുന്നതിന് കായികവും മാനസികവും സാമൂഹികവുമായ പ്രതിരോധതന്ത്രങ്ങളാണ് അഭ്യസിപ്പിച്ചത്. കൊവിഡ്19 രോഗവ്യാപനത്തെ തുടർന്ന് പരിശീലനം നിറുത്തിവയ്‌ക്കേണ്ടി വന്നെങ്കിലും ഓൺലൈനായി സ്വയരക്ഷാ പാഠങ്ങളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകൾ നൽകുന്നതിനാണ് തീരുമാനം. സംസ്ഥാനത്ത് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നതിനാലും പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിച്ചു വരുന്നതിനാലുമാണ് വനിതാ പൊലീസിന്റ നേതൃത്വത്തിൽ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിട്ടത്.

വയോധികർക്കും പരിശീലനം


ഏഴ് വയസ് മുതൽ 70 വയസ് വരെ പ്രായമുള്ളവർ പരിശീലനം നേടിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് അവധിക്കാലങ്ങളിൽ കുട്ടികൾക്ക് സൗജന്യമായി സർട്ടിഫിക്കറ്റോടുകൂടിയ 17 മണിക്കൂർ പ്രതിരോധതന്ത്ര പരിശീലനവും മൂന്ന് മണിക്കൂർ മനഃശാസ്ത്ര ക്ലാസുകൾ, നിയമപരിരക്ഷ, പോക്‌സോ അവയർനെസ് ക്ലാസുകൾ എന്നിവയും നൽകിയിരുന്നു. ഗവ. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.കെ പ്രതിഭയ്ക്കും തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ബി ഷിജിക്കും സ്ത്രീ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ മെഡലും നൽകിയിരുന്നു.

'ഇന്റേണൽ കംപ്ലയന്റ് കമ്മിറ്റി' രൂപീകരിച്ചില്ലെങ്കിൽ നടപടി


തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് 'ഇന്റേണൽ കംപ്ലയന്റ് കമ്മിറ്റി' രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഇനി നിയമനടപടി ശക്തമാക്കും. ജില്ലാ വനിത ശിശു വികസന ഓഫീസ് വഴിയാണ് വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നത്. ലൈംഗിക അതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിന് പത്തിൽ കൂടുതൽ ജീവനക്കാർ പണിയെടുക്കുന്ന സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയന്റ് കമ്മിറ്റി രൂപീകരിക്കണമെന്നത് 2013ൽ നിയമമാക്കിയിരുന്നു. സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയാൻ 2013ലായിരുന്നു നിയമനിർമാണം.