kuri

തൃശൂർ: യാത്രയ്ക്ക് ഒരു വഞ്ചിക്കടവിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കുറിഞ്ഞാക്കൽ തുരുത്തിലെ 25 കുടുംബങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. നിർമാണം പൂർത്തിയാക്കി ഉടൻ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് കുറിഞ്ഞാക്കൽ പാലം. പുതൂർക്കരയുമായി ബന്ധിപ്പിക്കുന്ന പാലം തുറക്കുന്നതോടെ പതിറ്റാണ്ടുകളായുളള യാത്രാ ക്‌ളേശത്തിനും മഴക്കാലത്തെ ദുരിതത്തിനും അവസാനമാകും.

ജില്ലാ ആസ്ഥാനമായ അയ്യന്തോളിന് സമീപമുള്ള കുറിഞ്ഞാക്കലിൽ നിന്ന് പ്രധാന പാതയിലെത്താൻ വള്ളത്തെ ആശ്രയിക്കണം. അല്ലെങ്കിൽ പുഴയ്ക്കൽ വഴി നാല് കിലോമീറ്റർ ചുറ്റിവരണം. തുരുത്ത് നിവാസികളുടെ പ്രത്യേകിച്ച് സ്‌കൂൾ കുട്ടികളുടെ യാത്ര കാലങ്ങളായി ദുരിതപൂർണമായിരുന്നു. പാലം പൂർത്തിയായതോടെ തുരുത്തിലെ 1500 ഏക്കർ കൃഷിയിടത്തിലേക്കുള്ള യന്ത്രസാമഗ്രികളുടെയും ഉത്പന്നങ്ങളുടെയും നീക്കവും ഇനി ആയാസരഹിതമാകും.

വിനോദ സഞ്ചാര കേന്ദ്രമായി പുഴയ്ക്കൽ വളരുന്നതിന്റെ സാദ്ധ്യത കൂടി കണക്കിലെടുത്താണ് പാലം നിർമ്മിച്ചത്. അങ്ങനെ വികസനത്തിന്റെ ധാരയിലേക്ക് ഒരു പടി കൂടി അടുക്കുകയാണ് കുറിഞ്ഞാക്കൽ. പ്രളയം നിർമാണ പ്രവർത്തനത്തെ തടസപ്പെടുത്തിയെങ്കിലും അതിജീവനത്തിന്റെ പ്രതീകമായിട്ടാണ് കെ.എൽ.ഡി.സി ഈ പാലം സാക്ഷാത്കരിച്ചതിനെ കാണുന്നത്. പാലം നിർമ്മാണം പൂർത്തിയായതോടെ, പുഴയ്ക്കലിനെ പോലെ കുറിഞ്ഞാക്കൽ പ്രദേശത്തെ ടൂറിസം സാദ്ധ്യതകളും ഉപയോഗപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പാലത്തിന്റെ നിർമാണം ഇങ്ങനെ


പ്രളയത്തിൽ മുങ്ങിയ തുരുത്ത്

പ്രളയകാലങ്ങളിൽ കുറിഞ്ഞാക്കൽ തുരുത്ത് ഒറ്റപ്പെട്ടപ്പോൾ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കൈക്കുഞ്ഞുങ്ങളെ അടക്കം നിരവധി കുടുംബങ്ങളെയാണ് ഭരണകൂടവും പൊലീസും രക്ഷപ്പെടുത്തിയത്. മഴയിൽ കുറിഞ്ഞാക്കൽ തുരുത്തിന് ചുറ്റും വെള്ളം നിറഞ്ഞ്, വീടുകളിലേക്കും വെള്ളം കയറുമായിരുന്നു. പലരും വീടുവിട്ട് പുഴയ്ക്കൽ ബണ്ട് റോഡിലൂടെ നടന്ന് രക്ഷപ്പെടുകയായിരുന്നു. പുഴയ്ക്കൽപ്പാടത്തും കോൾനിലങ്ങളിലും ജലനിരപ്പ് ഉയരുമ്പോഴാണ് കുറിഞ്ഞാക്കലിലേക്കും വെള്ളം കയറുന്നത്. മഴക്കാലത്ത് പുഴയ്ക്കൽ തോട് വഴി വഞ്ചിയിലൂടെ കടന്നാണ് ജനങ്ങൾ റോഡിലെത്താറുള്ളത്. കോൾബണ്ടും താണ്ടണം. മന്ത്രി വി. എസ് സുനിൽകുമാർ പ്രത്യേകം താൽപര്യമെടുത്താണ് കുറിഞ്ഞാക്കൽ പാലം നിർമ്മാണം ആരംഭിച്ചത്.