അപൂർവരോഗത്തിന് കീഴടങ്ങാതെ കൃഷിയെ സ്നേഹിക്കുന്ന ഒരാൾ
മാള: കൊയ്ത്ത് കഴിഞ്ഞ് പാടത്ത് നിന്ന് കയറിയിട്ട് വേണം ഡയാലിസിസിന് പോകാൻ. തിരിച്ച് വന്നിട്ട് വേണം പച്ചക്കറിക്കൃഷിയും ഔഷധത്തോട്ടവും പരിപാലിക്കാൻ. വടമ തോട്ടുപുറം അംബുജാക്ഷന്റെയും സുലേഖയുടെയും മകനായ ടി.എ അഖിൽ (32) കഴിഞ്ഞ 18 വർഷമായി ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസിന് വിധേയനാകുന്ന ജൈവ കർഷകനാണ്. ഇരു വൃക്കകളും തകരാറിലാണെങ്കിലും കിട്ടുന്ന സമയമെല്ലാം കൃഷിയുമായി കഴിയും. പാട്ടത്തിനെടുത്ത 50 സെന്റ് വയലിൽ കുറുവ, രക്തശാലി, തവളക്കണ്ണൻ എന്നീ നാടൻ ഇനങ്ങൾ. വൈക്കോൽ പൂർണമായി ലഭിക്കാനായി അരിവാൾ ഉപയോഗിച്ച് കൊയ്യും. കൊയ്ത്തിനായി അമ്മയും സഹോദരി അപർണയും കൂടാതെ മൂന്ന് സ്ത്രീ കർഷക തൊഴിലാളികളും ഒപ്പമുണ്ടാകും. കംപാരിറ്റീവ് ലിറ്ററേച്ചറിൽ എം.ഫിൽ പാസായ അപർണ ചേട്ടന്റെ ഒപ്പം കൃഷിയിടത്തിലുണ്ട്. കഴിഞ്ഞ എട്ട് വർഷമായാണ് നെൽക്കൃഷി ചെയ്യുന്നു. അച്ഛൻ അംബുജാക്ഷൻ പെയിന്റിംഗ് തൊഴിലാളിയാണ്. തവിട് കളയാത്ത അരിയാക്കി കിലോഗ്രാമിന് 80 രൂപ നിരക്കിലാണ് വിൽപ്പന. ഒരു വിളവെടുപ്പിൽ ശരാശരി 600 കിലോഗ്രാം വരെ നെല്ല് ലഭിക്കും. നെൽക്കൃഷിക്ക് ശേഷം പാടത്ത് പയർ, ചെറുപയർ, ഉഴുന്ന്, എള്ള്, വെള്ളരി, പൊട്ടുവെള്ളരി എന്നിവയും കൃഷി ചെയ്യും. സ്വന്തം പുരയിടത്തിൽ വഴുതന, പാവൽ, കോവൽ, പടവലം തുടങ്ങിയ പച്ചക്കറികളും വിവിധ ഔഷധ സസ്യങ്ങളുമുണ്ട്. നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള കൃഷി രീതിയാണെല്ലാം. നാടൻ കോഴികളും മണി താറാവുകളും യഥേഷ്ടം വളരുന്നു.
അഞ്ച് വർഷം മുമ്പാണ് കെ.എസ്.എഫ്.ഇയിൽ പാർട്ട് ടൈം സ്വീപ്പറായി ജോലിക്ക് കയറിയത്. രണ്ട് വർഷം മുമ്പ് സ്ഥിരപ്പെട്ടു. രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പും ഉച്ചയ്ക്ക് ശേഷവും കൃഷിയിടത്തിലിറങ്ങും. ഹൈപ്പർ പ്രൈമറി ഒക്സെൽ ലൂറിയ എന്ന അപൂർവ രോഗമാണ്. ലിവറിന് കാത്സ്യം സ്വീകരിക്കാൻ ശേഷിയില്ലായ്മ. എല്ലുകൾക്ക് ബലക്ഷയം. ആറാം വയസിലാണ് രോഗം കണ്ടെത്തിയത്. രോഗാവസ്ഥയിൽ എസ്.എസ്.എൽ.സി വരെ പൂർത്തിയാക്കി. പ്ലസ് വൺ പഠനത്തിനിടയിലാണ് ഡയാലിസിസ് തുടങ്ങിയത്. തൃശൂർ ജില്ലാ ആശുപത്രിയിലാണ് ഡയാലിസിസ്.
നല്ല ഭക്ഷണവും കൃഷിപ്പണികളിലൂടെ ലഭിക്കുന്ന അദ്ധ്വാനവും മാനസിക ആനന്ദവും കാരണം രോഗാവസ്ഥ ഭേദമാകുന്ന തോന്നൽ ഉണ്ടാക്കുന്നു. വെറുതെയിരുന്ന അവസ്ഥയിലാണ് കൃഷികൾ തുടങ്ങിയത്. ഇന്നിപ്പോൾ രോഗത്തെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടാൻ പോലും സമയമില്ല.
ടി.എ അഖിൽ