കൊടുങ്ങല്ലൂർ: സംസ്ഥാന ടൂറിസം വകുപ്പും മുസിരിസ് പൈതൃക പദ്ധതിയും ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കയാക്കിംഗ് ഇവന്റ് 'മുസിരിസ് പാഡിൽ' ഫെബ്രുവരി 12, 13 തീയതികളിൽ നടക്കും. ഇവന്റിന്റെ ലോഗോ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് നിർവഹിച്ചു. കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് വാട്ടർഫ്രണ്ട് മുതൽ എറണാകുളം ബോൾഗാട്ടി പാലസ് വരെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയായാണ് കയാക്കിംഗ് നടത്തുന്നത്. 12ന് രാവിലെ 8ന് ഫ്‌ളാഗ് ഒഫ് ചെയ്ത് ഉച്ചയോടെ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ എത്തിച്ചേരുകയും തുടർന്ന് വൈകീട്ട് 7ന് കെടാമംഗലം ശ്രവണം ഗ്രീൻസിൽ അവസാനിക്കുകയും ചെയ്യും. പിറ്റേ ദിവസം രാവിലെ 8ന് കെടാമംഗലത്തു നിന്നും ആരംഭിച്ച് നെടുമങ്ങാട് വൈപ്പിൻ വഴി ബോൾഗാട്ടി പാലസിൽ സമാപിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇവന്റ് നടക്കുക. രാഷ്ട്രീയ സാമൂഹിക സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്കായി രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി കയാക്ക് ഉള്ളവർക്ക് 6490 രൂപയും, കയാക്ക് വേണ്ടവർക്ക് 9440 രൂപയുമാണ് ഫീസ്. ജനുവരി 18നകം ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം പ്രത്യേക ഇളവും നൽകും. ഭക്ഷണം, താമസ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 9745507454 എന്ന നമ്പറിൽ ഫോൺ മുഖേനയും www.jellyfishwatersports.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായും ബുക്ക് ചെയ്യാം.
ലോഗോ പ്രകാശനച്ചടങ്ങിൽ ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, മുസിരിസ് പൈതൃക പദ്ധതി എം.ഡി പി.എം നൗഷാദ്, ജെല്ലി ഫിഷ് സ്‌പോർട്‌സ് ഓപ്പറേഷൻസ് മാനേജർ ടി പ്രസാദ്, ജനറൽ മാനേജർ എ.കെ. ശ്രീജിത് എന്നിവർ പങ്കെടുത്തു.