കൊടുങ്ങല്ലൂർ: ഭയപ്പെടേണ്ട, പൊലീസ് കൂടെയുണ്ട്. ജനമൈത്രി പൊലീസിന്റെ ഭാഗമായുള്ള ജനസൗഹൃദ പ്രവർത്തനമായ എം ബീറ്റിന് കൊടുങ്ങല്ലൂരിൽ തുടക്കമായി. കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവുമായി പൊലീസ് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പാണ് എം.ബീറ്റ്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഷൻ പരിധിയിലെ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തുകയാണ് പ്രവർത്തനത്തിന്റെ ആദ്യഘട്ടം. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മൊബൈൽ ആപ്പിൽ അപ് ലോഡ് ചെയ്യും. തനിയെ താമസിക്കുന്നവർ, വൃദ്ധർ, സ്ത്രീകളും കുട്ടികളും മാത്രമുള്ള കുടുംബം എന്നിവരുടെ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തും. ഭാവിയിൽ എംബീറ്റ് ആപ് വഴി സ്റ്റേഷൻ പരിധിയിലെ മുഴുവൻ വീടുകളെയും പ്രദേശങ്ങളെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിലൂടെ പൊലീസിന് ലഭിക്കും. എം. ബീറ്റ് പദ്ധതി പൊലീസിനെ കൂടുതൽ ജനപ്രിയമാക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊടുങ്ങല്ലൂർ ജനമൈത്രി ബീറ്റ് ഓഫീസർ ജ്യോതിഷ് പറഞ്ഞു.