കയ്പമംഗലം: അവശനായി കിടന്നിരുന്ന മദ്ധ്യവയസ്‌കനെ ഗ്രാമ പഞ്ചായത്തിന്റെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ ടി.ബി സ്ഥിരീകരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒറ്റമുറി വീട്ടിൽ തനിച്ച് താമസിച്ചിരുന്ന പുളിക്കൽ സൂര്യനെയാണ് (50) അവശ നിലയിൽ കാണപ്പെട്ടതിനെത്തുടർന്ന് തൃശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പതിനഞ്ചോളം ദിവസമായി എണീക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു സൂര്യൻ. അയൽവാസികൾ ഭക്ഷണം നൽകുമായിരുന്നെങ്കിലും വളരെ കുറച്ച് മാത്രമെ കഴിച്ചിരുന്നുള്ളൂ. ദിവസങ്ങൾ വൈകും തോറും ഒന്നും കഴിക്കാനാകാത്ത സ്ഥിതിയായി. പ്രാഥമിക ആവശ്യങ്ങൾ പോലും കിടന്ന കിടപ്പിലായിരുന്നു നിർവഹിച്ചിരുന്നത്. സൂര്യൻ കഴിഞ്ഞിരുന്ന വൃത്തിഹീനമായിരുന്ന മുറിയും മറ്റും വൃത്തിയാക്കുകയും സൂര്യനെ കുളിപ്പിക്കുകയും ചെയ്തതിനു ശേഷം ചാമക്കാല എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ:നിതീഷ് എത്തി പ്രാഥമിക പരിശോധന നടത്തി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു, കയ്പമംഗലം ജനമൈത്രി പൊലീസ് സബ് ഇൻസ്‌പെക്ടർ വി. ജിഷിൽ, വാർഡ് അംഗം കെ.എസ് അനിൽ കുമാർ, ജനമൈത്രി അംഗം ഷെമീർ എളേടത്ത്, ബീറ്റ് ഓഫീസർമാരായ ഗോപൻ, വിജയശ്രീ, മുൻ വാർഡ് അംഗം പി.കെ ഹംസ, ദാസൻ പള്ളത്ത്, വത്സൻ ഏറം പുരക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തൃശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലേക്കെത്തിച്ച് വിശദമായ പരിശോധനകൾ നടത്തിയതിനാലാണ് ടി.ബി രോഗം ബാധിച്ച വിവരം അറിയാനായത്. തുടർ ചികിത്സക്കായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.