ഗുരുവായൂരിലെ ബോംബ് ഭീഷണിയെ തുടർന്ന് ക്ഷേത്ര പരിസരത്ത് ഡോഗ് സ്ക്വാഡിന്റെ പരിശോധന
ഗുരുവായൂര്‍: മാവോയിസ്റ്റ് പ്രവർത്തക ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന സന്ദേശത്തിന് പിറകെ ക്ഷേത്രത്തിന് ബോംബ് ഭീഷണി. വ്യാഴാഴ്ച വൈകിട്ടാണ് മാവോയിസ്റ്റ് താമസിക്കുന്നുണ്ടെന്ന സന്ദേശം പൊലീസിന് ലഭിച്ചത്.
പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായ രീതിയിൽ ആരും താമസിക്കുന്നതായി കണ്ടെത്താനായില്ല. ഇതിന് പിറകെയായിരുന്നു ബോംബ് ഭീഷണി. ക്ഷേത്രത്തിൽ ബോംബ് വയ്ക്കുമെന്നും തടയാമെങ്കിൽ തടഞ്ഞോളൂ എന്നുമായിരുന്നു വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ ലാൻഡ് ഫോണിലേക്ക് വന്ന സന്ദേശം.
സെക്യൂരിറ്റി ഓഫീസറെ അന്വേഷിച്ചായിരുന്നു ഫോൺ. ജീവനക്കാർ പൊലീസിനെ അറിയിച്ചു. ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫീസിലും പരിശോധന നടത്തി.
രാത്രി മുഴുവൻ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന തുടർന്നു. ക്ഷേത്ര പരിസരത്ത് കാവലും ഏർപ്പെടുത്തി.
ഇന്നലെ രാവിലെ മുതൽ ദർശനത്തിന് എത്തിയവരെ പ്രത്യേക പരിശോധനയ്ക്ക് ശേഷമാണ് പ്രവേശിപ്പിച്ചത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയും ഊർജിതമാക്കി.
ലോഡ്ജുകളിലും പരിസരത്തെ ഫ്‌ളാറ്റുകളിലും പൊലീസ് പരിശോധന നടത്തി. മാവോയിസ്റ്റ് ഗുരുവായൂരിൽ ഒളിവിലുണ്ടെന്ന സന്ദേശം ഗൗരവമുള്ളതല്ലെന്നും ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നും ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബിജു ഭാസ്‌കർ പറഞ്ഞു.