പുതുക്കാട്: നാലു വർഷത്തെ ഇടവേളയ്ക്കുശേഷം കുറുമാലിപ്പുഴയിലെ ചെങ്ങാലൂർ കുണ്ടുകടവിൽ താത്കാലിക മൺചിറയുടെ നിർമ്മാണത്തിന് തുടക്കം. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ചിറ നിർമ്മാണം ഉദ്ഘാടനം ചെയ്തു.

2016ൽ പുഴയിലെ സ്ലൂയീസ് തകർന്നതോടെയാണ് മൺചിറയുടെ നിർമ്മാണം മുടങ്ങിയത്. തടയണ കെട്ടുന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായി സ്ലൂയിസ് നിർമ്മിച്ചതോടെയാണ് തടയണ നിർമ്മാണത്തിന് വഴിതുറന്നത്.

കഴിഞ്ഞ വേനലിലാണ് 40 ലക്ഷം രൂപ ചെലവിട്ട് സ്ലൂയിസ് പുനർനിർമിച്ചത്. പുതുക്കാട്പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൺചിറയുടെ നിർമ്മാണം പത്തു ദിവസം കൊണ്ട് പൂർത്തിയാകും. ഇതോടെ ചെങ്ങാലൂരിൽ നിന്നും ചിറ വഴി ദേശീയപാത നെല്ലായിയിലേക്ക് എളുപ്പ വഴിയുമായി.

ജലസേചന, കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന താത്കാലിക മൺചിറക്ക് പകരമായി കണ്ടുകടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാനുള്ള കിഫ്ബി പദ്ധതി ടെൻഡർ നടപടിയിലാണ്.