പാവറട്ടി : കൊവിഡ് ബാധിച്ച് പുറത്തിറങ്ങാൻ സാധിക്കാത്ത പാവപ്പെട്ട പരിസരവാസികൾക്ക് സ്വന്തം കൃഷി ചെയ്തടുത്ത പച്ചക്കറികളും, പാൽ ഉത്പനങ്ങളും, നാടൻ കോഴിമുട്ട ഉൾപ്പെടെ ഇരുപതോളം ഭക്ഷ്യവസ്തുക്കൾ സൗജന്യമായി എത്തിച്ചു നൽകി മാതൃകയാവുകയാണ് സുബിരാജ് തോമസ് എന്ന യുവ കർഷകൻ. ബന്ധുക്കളും വളണ്ടിയർമാർ മുഖേനയുമാണ് കൊവിഡ് ബാധിച്ച കുടുംബത്തിന് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നത്

കൊവിഡ് കാലത്ത് വാട്‌സാപ്പ് സംവിധാനം വഴി ജൈവ ഉത്പനങ്ങളും മറ്റും വിപണനം നടത്താൻ സൗകര്യം ഒരുക്കിയതും ഈ യുവ കർഷകനായ സുബി രാജ് തോമസാണ്. ജോയ് ആലുക്കാസ് റീജ്യണൽ മാനേജരായിരുന്നു. ജോലി രാജി വച്ച് 2015ലാണ് കൃഷിക്കാരനായത്. 30 ഓളം പശുക്കൾ, ആട്, കോഴി, താറാവ്, മീൻ വളർത്തൽ എന്നിവ കൂടാതെ എല്ലാത്തര പച്ചക്കറികളും ഉത്പാദിപ്പിക്കുന്നു.

പൊതുരംഗത്ത് പ്രവർത്തിക്കുന്ന സുബി രാജ് തോമസ് ന്യൂനപക്ഷ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്. ഈ കൊവിഡ്കാലം മനുഷ്യനെ ഒരു പാട് ചിന്തിക്കാൻ പഠിപ്പിച്ചെന്നും ഇങ്ങനെ ചെയ്യുന്നതു കൊണ്ട് വളരെ ആത്മ സംതൃപതിയുണ്ടെന്നും യുവ കർഷകൻ പറഞ്ഞു.