ചാലക്കുടി: നഗരത്തിലെ കരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതിലെ ഗുരുതര പിഴവുകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ നഗരസഭയുടെ പ്രഥമ കൗൺസിൽ യോഗം തീരുമാനിച്ചു. പിഴവുകൾ പരിഹരിക്കുന്നതിന് കരട് മാസ്റ്റർ പ്ലാനിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന്റെ ആവശ്യകത ടൗൺ പ്ലാനിംഗ് ഓഫീസ് മുഖേന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. ഇതിനായി സബ് കമ്മിറ്റിയും രൂപീകരിച്ചു.
2017ൽ കരട് രേഖ സർക്കാരിലേക്ക് അയച്ചപ്പോൾ ഭേദഗതി വേണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ എന്നിവർ ചൂണ്ടിക്കാട്ടി. എന്നാൽ ജനങ്ങൾക്കാകെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ മാറ്റങ്ങളില്ലാത്ത ടൗൺ പ്ലാനിനാണ് സർക്കാർ അംഗീകാരം നൽകിയതെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. ഇതിൽ മുൻഭരണ സമിതി അനാസ്ഥകാട്ടിയെന്നും ഭരണപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എന്നാൽ ഭരണ - പ്രതിപക്ഷങ്ങൾ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചതെന്ന് എൻ.ഡി.എയിലെ വത്സൻ ചമ്പക്കര ആരോപിച്ചു. 2013ൽ യു.ഡി.എഫ് ഭരണസമിതിയാണ് കരട് രേഖ തയ്യാറാക്കിയത്. പിന്നീട് വന്ന എൽ.ഡി.എഫ് ഭരണ സമതിയും ഇതിൽ മാറ്റം വരുത്തിയില്ല. ഈ കരട് രേഖയാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചത്. ഇരു മുന്നണികൾക്കും ഇതിൽ കൂട്ടുത്തര വാദിത്വമാണുള്ളതെന്ന് വത്സൻ ചമ്പക്കര തുടർന്നു പറഞ്ഞു.
കെ.വി. പോൾ, ബിജു എസ്. ചിറയത്ത് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.