ചാലക്കുടി: നഗര വികസനത്തിന് ആക്കം കൂട്ടുന്ന മാസ്റ്റർ പ്ലാൻ അട്ടിമറിക്കാനുള്ള കോൺഗ്രസ് ഭരണകൗൺസിലിന്റെ നീക്കം ജനവഞ്ചനയാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ്. 2012ൽ യു.ഡി.എഫ് കൗൺസിൽ ഭരണത്തിലിരിക്കുമ്പോഴാണ് മാസ്റ്റർ പ്ലാനിന് രൂപം നല്കുന്നത്.

2015 - 20ലെ കൗൺസിൽ കരട് പ്രസിദ്ധീകരിക്കാനും ഗസറ്റ് വിജ്ഞാപനത്തിനും മാത്രമാണ് ശ്രമിച്ചത്. മാത്രമല്ല, നഗരവാസികളുടെ അഭിപ്രായം അറിയിക്കുന്നതിനായി 60 ദിവസത്തെ സമയം നൽകുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പായതിനാൽ ഇക്കാര്യം പരിശോധിക്കാൻ സാധിച്ചില്ല. മാസ്റ്റർ പ്ലാൻ വൈകുന്നത് മൂലം ചാലക്കുടിയിലെ വികസനത്തിന് തടസം നേരിടുന്നുണ്ട്.

കഴിഞ്ഞ കൗൺസിൽ കാലത്ത് രൂപീകരിച്ച സംയുക്ത സബ് കമ്മിറ്റിയുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്കണം. ഭൂമാഫിയക്കും തത്പരകക്ഷികൾക്കും വേണ്ടി മാസ്റ്റർ പ്ലാൻ അട്ടിമറിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാർലമെന്ററി പാർട്ടി ലീഡർ പറഞ്ഞു.