ചാലക്കുടി: ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഇലഞ്ഞി മരം നൽകുന്ന ഐശ്വര്യം മേലൂർ ശാന്തിപുരത്തെ നെറ്റിക്കാടൻ ആന്റണിയുടെ കുടുംബത്തിന് ഒന്ന് വേറെ തന്നെ. മുറ്റത്തു പടർന്നു നിൽക്കുന്ന ഇലഞ്ഞി മുത്തശ്ശിയെ ഒരുനോക്കു കാണാതെ കല്ലുത്തി മുണ്ടോലിക്കടവ് റോഡിലൂടെ ആരും കടന്നുപോകില്ല. പരിസരമാകെ തണൽ വിരിച്ചുള്ള ഇലഞ്ഞിക്കായി ഇവിടെ തറയും ഒരുക്കിയിട്ടുണ്ട്.
ആദ്യകാലത്തൊക്കെ വൈകിട്ട് നാട്ടുകാർ ഇലഞ്ഞിത്തറയിൽ ഇരിക്കാനെത്തുമെന്ന് പ്രരിരോധ വകുപ്പിൽ നിന്നും വിരമിച്ച ആന്റണി ഓർമ്മിക്കുന്നു. വർഷത്തിൽ രണ്ടു തവണ പൂത്തുലയുന്ന ഇലഞ്ഞിയുടെ സുഗന്ധം പ്രത്യേക അനുഭൂതിയാണ്. പരമ്പരാഗത കർഷകനായ പിതാവ് ഉതുപ്പാണ് ഇലിഞ്ഞിയുടെ പ്രായം 150 വർഷം എന്ന് രേഖപ്പെടുത്തിയതെന്ന് ആന്റണി പറഞ്ഞു.
മുത്തശി ഇലഞ്ഞിയിൽ ഒതുങ്ങുന്നില്ല പറമ്പിലെ ജൈവകൗതുകം. പവിഴമല്ലി, അന്യം നിന്നുപോകുന്ന മരമുല്ല എന്നിവയും നെറ്റിക്കാടൻ കുടുംബത്തിന് സ്വന്തം. തിപ്പല്ലി തുടങ്ങിയ നിരവധി ഔഷധ ചെടികളും ആന്റണിയുടെ അരുമ സന്ധതികളാണ്. മറ്റു കാർഷിക വിളകളുണ്ടെങ്കിലും അപൂർവ്വയിനം മരങ്ങളും ചെടികളും ഇവിടെ പൊന്നുപോലെ സംരക്ഷിക്കപ്പെടുന്നു.