തൃശൂർ: മുളംങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ ട്രോളി,വീൽചെയർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ നശിക്കുന്നു. അറ്റകുറ്റപണികൾ നടത്തുവാനോ പുതിയവ വാങ്ങുന്നതിനോ നടപടിയില്ലെന്ന് ആക്ഷേപം. കേടു വന്ന ഉപകരണങ്ങൾ രക്തബാങ്കിന്റെ മുന്നിലെ കോണിപ്പടിക്കരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. പലതും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. കട്ടിലുകൾ, ഗ്ലൂക്കോസ് കയറ്റുന്ന സ്റ്റാൻഡുകൾ എന്നിവയും നാശത്തിന്റെ വക്കിലാണ്. അവശരായി വരുന്ന രോഗികളെ ബന്ധപ്പെട്ട ചികിത്സാവിഭാഗത്തിലേക്ക് കൊണ്ട് പോകുന്നതിന് വീൽചെയറുകൾ ഇല്ലാതെ പലപ്പോഴും നട്ടം തിരിയുമ്പോഴാണ് ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിൽ അധികൃതരുടെ അനാസ്ഥ നടമാടുന്നത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന ഉപകരണങ്ങളാണ് നശിക്കുന്നത്. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ മെഡിക്കൽ കോളേജിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ച് തുടങ്ങി. വാർഡുകളിലേക്ക് നടന്നു പോകാൻ കഴിയാത്തവരാണ് പലപ്പോഴും എത്തുന്നത്. ദിനംപ്രതി 3000 മുതൽ 4000 വരെ രോഗികൾ എത്തിയിരുന്നത് കൊവിഡിനെ തുടർന്ന് 750 നും ആയിരത്തിനും ഇടയിൽ എത്തിയിരുന്നു. എന്നാൽ വീണ്ടും രോഗികളുടെ എണ്ണം 2000ത്തിനും 3000 ഇടയിലേക്ക് എത്തി തുടങ്ങി. രോഗികൾ കൂടുതൽ എത്തുമ്പോഴും ആവശ്യമായ സാമൂഹിക അകലം പാലിച്ച് നിർത്താൻ വേണ്ട സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ്. വാർഡുകളിൽ കൂട്ടം കൂടിയാണ് നിൽക്കുന്നത്. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സ കേന്ദ്രം കൂടിയാണ് മെഡിക്കൽ കോളജ്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്ന് വരെ അവശരായ രോഗികൾ മുളംങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയെത്തുന്നത്.