election

തൃശൂർ : യു.ഡി.എഫ് പിന്തുണയിൽ ലഭിച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽ.ഡി.എഫ് രാജിവെച്ചതോടെ അവിണിശേരിയിൽ രാഷ്ടീയ പ്രതിസന്ധി തുടരുന്നു. പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടി ഇതുവരെ ആയിട്ടില്ല.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാൽ മാത്രമെ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂ. വരണാധികാരി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ റിപ്പോർട്ട് കമ്മിഷന് അയച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ച അവസാനം തിരഞ്ഞെടുപ്പ് നടക്കാനാണ് സാദ്ധ്യത. ഇത്തരം സാഹചര്യം വന്നാൽ പതിനഞ്ച് ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ചട്ടം.


കക്ഷി നിലയിൽ നേരിയ മുൻതൂക്കമുള്ള ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാനാണ് 31 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് അംഗങ്ങളുള്ള യു.ഡി.എഫ് അഞ്ച് അംഗങ്ങൾ ഉള്ള എൽ.ഡി.എഫിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫ് അംഗങ്ങൾ എൽ.ഡി.എഫിനായിരുന്നു വോട്ട് ചെയ്തത്.

എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ് സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ യു.ഡി.എഫിന്റെ പിന്തുണയിൽ ഭരണം വേണ്ട എന്ന നിലപാട് സ്വീകരിച്ച് എൽ.ഡി.എഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ബി.ജെ.പിക്ക് ഇവിടെ ആറംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ 14 അംഗങ്ങളിൽ ഏഴ് സീറ്റുകൾ നേടിയ ബി.ജെ.പിക്കായിരുന്നു ഭരണം. ഇത്തവണ ഒരു സീറ്റ് കുറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ നിന്ന് ഇരുമുന്നണികളും വിട്ടു നിൽക്കാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്. ഭരണ പ്രതിസന്ധി ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഔദ്യോഗികമായി നിലപാട് ഇരുമുന്നണികളും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം എൽ.ഡി.എഫ് - യു.ഡി.എഫ് ധാരണയ്ക്കെതിരെ പഞ്ചായത്തിൽ ബി.ജെ.പി പ്രചാരണം തുടങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശാണ് പങ്കെടുത്തത്. ഇത്തവണ തിരുവില്വാമലയിലും നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് ഭരണം ലഭിച്ചിരുന്നു. അവിണിശേരിയിൽ ഇരുമുന്നണികളും മാറി നിന്നാൽ രണ്ടാമത്തെ പഞ്ചായത്ത് കൂടി ബി.ജെ.പിക്ക് ലഭിക്കും.

കക്ഷിനില