തൃശൂർ: ക്യാമ്പുകൾ നടത്തി ജില്ലയിലെ പ്രധാന രക്തബാങ്കുകളിലെ രക്തഗ്രൂപ്പുകളുടെ ക്ഷാമം മറികടക്കാൻ തീവ്രയജ്ഞം. ഞായറാഴ്ച അടക്കം തുടർച്ചയായ ദിവസങ്ങളിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് രക്തബാങ്കിൽ ക്യാമ്പുകൾ നടക്കുന്നുമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം കൂടിയതോടെ, സാധാരണ ലഭ്യമാകുന്ന എ, ബി, ഒ എന്നീ ഗ്രൂപ്പുകൾ വരെ കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. ആശുപത്രികളിലെ ശസ്ത്രക്രിയകളും മറ്റ് ചികിത്സകളും സാധാരണ ഗതിയിലേക്ക് മാറുകയും രക്തത്തിന്റെയും രക്തഘടകങ്ങളുടെയും ആവശ്യം ഗണ്യമായി വർദ്ധിക്കുകയും ചെയ്തിരുന്നു.
എന്നാൽ കൊവിഡ് വ്യാപന ഭീതി മൂലം രക്തദാതാക്കൾ ആശുപത്രികളിൽ വരാനും രക്തം നൽകാനും മടിക്കുന്ന സ്ഥിതിയായിരുന്നു. സന്നദ്ധ രക്തദാന സംഘടനകൾ പൂർണ്ണ സഹായവുമായി നിലകൊള്ളുന്നുണ്ടെങ്കിലും ആവശ്യം കൂടിയതോടെ അവരും ബുദ്ധിമുട്ടുകയാണ്. കൊവിഡ് വ്യാപനമുള്ളതിനാൽ മുമ്പ് നടത്തിയിരുന്നത് പോലെ സന്നദ്ധരക്തദാന ക്യാമ്പുകൾ നടക്കുന്നില്ല. അതിനാൽ രോഗികളുടെ ബന്ധുക്കളോ, സന്നദ്ധ ദാതാക്കളോ രക്തബാങ്കിൽ എത്തിയാണ് ഇപ്പോൾ രക്തദാനം നടത്തുന്നത്. ജില്ലയിലെ പ്രധാന അഞ്ച് രക്തബാങ്കുകളായ ഗവ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഐ.എം.എ ബ്ലഡ് ബാങ്ക് , ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ് എന്നീ കേന്ദ്രങ്ങളിൽ രക്തം ആവശ്യത്തിനുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രവർത്തകരും, ക്‌ളബുകളുമെല്ലാം രംഗത്തിറങ്ങിയതോടെയാണ് ആശ്വാസമായത്.
പ്‌ളാസ്മയും ശേഖരിക്കുന്നു
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവർക്കുള്ള പ്ലാസ്മ തെറാപ്പിക്കായി രോഗമുക്തരെയും തേടുന്നുണ്ട്. നിലവിൽ നൂറോളം പേർക്കുള്ള പ്‌ളാസ്മ മെഡിക്കൽ കോളേജിലുണ്ട്. ദിവസം ഒന്നോ രണ്ടോ പേർക്ക് പ്‌ളാസ്മ നൽകുന്നുണ്ട്. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മയാണ് ഉപയോഗിക്കുന്നത്.
പതിനെട്ടിനും അറുപത് വയസിനും ഇടയിൽ പ്രായമുള്ളവരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. പ്ലാസ്മ തെറാപ്പി വഴി നിരവധി രോഗികളെ രക്ഷിക്കാനായിട്ടുണ്ട്. വെന്റിലേറ്ററിൽ അതീവഗുരുതരാവസ്ഥയിലായിരുന്ന രോഗികളിലും ചികിത്സ ഫലപ്രദമായി. പ്ലാസ്മ തെറാപ്പി കൊടുത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടായി. കൊവിഡ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തിൽ വൈറസിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും. ഈ ആന്റിബോഡിയാണ് ചികിത്സയ്ക്ക് ഗുണം ചെയ്യുക.
'' ജില്ലയിലെ എല്ലാ ആശുപത്രികളിലെയും രക്തബാങ്കുകളിൽ രക്തക്ഷാമം നേരിടുന്നുണ്ടായിരുന്നു. കൂടുതൽ ബോധവത്കരണവും പ്രചാരണവും നടത്തിയതോടെ സംഘടനകൾ സന്നദ്ധരായി രംഗത്തെത്തിയത് ആശ്വാസകരമാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി രക്തം നൽകുവാനുള്ള സൗകര്യം മെഡിക്കൽ കോളേജ് രക്തബാങ്കിൽ ഒരുക്കിയിട്ടുണ്ട്.
ഡാേ.സജിത്ത്
ജില്ലാ നോഡൽ ഓഫീസർ.