തൃശൂർ : രാജ്യം കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിനുമായി തയ്യാറെടുക്കുമ്പോൾ ആദ്യ ഘട്ടം ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 32,762 പേർ. വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഗവ. മെഡിക്കൽ കോളേജിലും, അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ മേഖലയിൽ നിന്നും ദയ ആശുപത്രിയിലുമാണ് ഡ്രൈ റൺ നടത്തിയത്. മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാക്‌സിനേഷൻ കേന്ദ്രം തയ്യാറാക്കുന്നത്. വാക്‌സിൻ സംഭരണത്തിനായി 116 കേന്ദ്രങ്ങൾ സജ്ജമാണ്. ഡി.എം.ഒ ഓഫീസിലെ ജില്ലാ വാക്‌സിൻ സ്റ്റോർ, കെ.എം.എസ്.സി.എൽ, തൃശൂർ, ഇരിങ്ങാലക്കുട സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ് തുടങ്ങിയ ഇടങ്ങളിലാണ് സംഭരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. വാക്‌സിനേഷന് ആവശ്യമായ കോൾഡ് ചെയിൻ സാധനങ്ങൾ, ഐ.എൽ.ആർ, വാക്‌സിൻ കാരിയറുകൾ, കോൾഡ് ബോക്‌സ്, വാക്കിംഗ് കൂളറുകൾ, ഐസ്പാക്ക് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.
വാക്‌സിൻ നൽകാൻ 800 കേന്ദ്രങ്ങൾ
800 ഓളം കേന്ദ്രങ്ങളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 370 സർക്കാരും, 450 ഓളം സ്വകാര്യ സ്ഥാപനങ്ങളുമാണ്. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകിക്കഴിഞ്ഞു. ഒരു വാക്‌സിൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്‌സിൻ നൽകുക. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് വാക്‌സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക.
സജ്ജീകരണങ്ങൾ
അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാനായി തിരഞ്ഞെടുക്കുന്നത്. വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികൾ ഒരു വാക്‌സിനേഷൻ സൈറ്റിൽ ഉണ്ടാകും. അഞ്ച് ആരോഗ്യ പ്രവർത്തകരെയാണ് ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ നിയോഗിക്കുന്നത്.
അരമണിക്കൂർ നിരീക്ഷണം
കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽ ഇരുത്തും. വാക്‌സിൻ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷൻ സൈറ്റിൽ സജ്ജീകരിക്കും. ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിൽ വീട്ടിലേക്ക് തിരികെ അയക്കും.