water
ജൽ ജീവൻ പദ്ധതി പ്രകാരം നൽകിയ ഹോം കണക്‌ഷൻ .

പാവറട്ടി : കുടിവെള്ള വിതരണ രംഗത്ത് എളവള്ളി പഞ്ചായത്ത് മാതൃകയാകുന്നു. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 632 ദുർബല കുടുംബങ്ങൾക്കാണ് എളവള്ളി പഞ്ചായത്ത് കുടിവെള്ള കണക്‌ഷനുകൾ ലഭ്യമാക്കുന്നത്. ജനുവരി 31നകം ഒന്നാം ഘട്ടം പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് പറഞ്ഞു.

മറ്റിടങ്ങളിൽ നിന്നു വ്യത്യസ്ഥമായി ഓരോ വീടുകളിലേക്കും കുടിവെള്ള കണക്‌ഷൻ എടുക്കുന്നതിനാവശ്യമായ 10 ശതമാനം ഗുണഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും ഉൾപ്പെടെ ആകെ 25 ശതമാനം ചെലവും പഞ്ചായത്ത് തന്നെയാണ് വഹിക്കുന്നത്.

അഗതി ആശ്രയ ഗുണഭോക്കാക്കൾ, പിങ്ക് റേഷൻ കാർഡ് ഉടമകളിൽ ഭിന്നശേഷിക്കാരായവർ, മാരക രോഗമുള്ളവർ, വിധവകളായവർ, പെൺമക്കൾ മാത്രമുള്ളവർ, 1000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീട് ഉള്ളവർ എന്നീ അർഹതാ മാനദണ്ഡപ്രകാരമാണ് കുടിവെള്ള കണക്‌ഷനുകൾ അനുവദിക്കുന്നത്.

155 എസ്.സി ഗുണഭോക്താക്കൾ, 80 എ.എ.വൈ മഞ്ഞ റേഷൻ കാർഡ് ഉടമകളായ ഗുണഭോക്താക്കൾ, 265 അഗതി ആശ്രയ ഗുണഭോക്കാക്കളും പിങ്ക് റേഷൻ കാർഡ് ഉടമകളിൽ അർഹതാ മാനദണ്ഡപ്രകാരം തിരഞ്ഞെടുത്ത ഗുണഭോക്താക്കളും, 132 അധികമായി ഉൾപ്പെടുത്തിയ പിങ്ക് റേഷൻ കാർഡ് ഉടമകളും ചേർന്നതാണ് പഞ്ചായത്തിലെ ആകെ ഗുണഭോക്താക്കൾ.

പദ്ധതിക്കായി വകയിരുത്തിയത്- 23.70 ലക്ഷം രൂപ

ഒരുവീട്ടിലേക്ക് കണക്‌ഷനുള്ള ശരാശരി ചെലവ്- 15000 രൂപ

കേന്ദ്രസർക്കാർ വിഹിതം - 45 ശതമാനം

സംസ്ഥാന സർക്കാർ വിഹിതം- 30 ശതമാനം

കുടിവെള്ള പദ്ധതിയുടെ ഗുണം ആദ്യം ലഭിക്കേണ്ടത് സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ദുർബല വിഭാഗക്കാർക്കാകണമെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് എളവള്ളി പഞ്ചായത്ത് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.

- ജിയോ ഫോക്സ്, പഞ്ചായത്ത് പ്രസിഡന്റ്