കൊടുങ്ങല്ലൂർ : ചിട്ടി തട്ടിപ്പിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ ഫിൻസിയർ ഓഫീസിന് മുമ്പിൽ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ പ്രതിനിധി വാസന്തി രഘു അദ്ധ്യക്ഷയായി. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ വിദ്യാസാഗർ, വിജയ സുരേഷ്, നളിനി ടീച്ചർ എന്നിവർ സംസാരിച്ചു. ശൃംഗപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഫിൻസിയർ ഗ്രൂപ്പ് എന്ന ചിട്ടി സ്ഥാപനം വിവിധ ജില്ലകളിലെ ബ്രാഞ്ചുകൾ വഴിയാണ് സർക്കാരിന്റെ അംഗീകാരമില്ലാതെ ചിട്ടി നടത്തി പാവപ്പെട്ട നിരവധി ആളുകളെ ചേർപ്പിച്ചും ചിറ്റാളന്മാരിൽ നിന്നും ഡിപ്പോസിറ്റ് സ്വീകരിച്ചും തട്ടിപ്പ് നടത്തിയതെന്ന് സമരക്കാർ ആരോപിച്ചു. പണവുമായി മുങ്ങിയ ഡയറക്ടർ ബോർഡ് മെമ്പർമാരെ അറസ്റ്റ് ചെയ്യണമെന്നും പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചു കിട്ടാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.