ചാലക്കുടി: അതിരപ്പിള്ളിയുടെ തനതായ ഉത്പന്നങ്ങൾ ലോക വിപണിയിൽ എത്തിക്കുന്നതോടൊപ്പം ആദിവാസികളുടെ ജീവിതത്തിനു തണലേകുകയുമാണ് ട്രൈബൽ വാലി കാർഷിക പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സംസ്ഥാന കൃഷിവകുപ്പ് അരൂർമുഴിയിൽ ആരംഭിക്കുന്ന ട്രൈബൽ വാലി പദ്ധതിയുടെ സെൻട്രൽ പ്രൊസസിംഗ് യൂണിറ്റിന് ശിലയിട്ടു സംസാരിക്കുകയായിരുന്നു മന്ത്രി.

അതിരപ്പിള്ളിയുടെ കാടുകളിൽ കാണുന്ന ഭക്ഷ്യവസ്തുക്കൾ വ്യാവസായിക അടിസ്ഥാനത്തിൽ സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന പ്രക്രിയ പൂർണമായും ആദിവാസികളിൽ നിക്ഷിപ്തമാകും. ഈ വിഭാഗങ്ങളിൽ പരിശീലനം ലഭിച്ച യുവതീയുവാക്കൾ ഇതിന്റെ പാക്കിംഗും നടത്തും. വിപണനം മറ്റു സർക്കാർ ഏജൻസി മുഖേനയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഷോളയാർ ഗിരിജൻ സൊസൈറ്റിയെയും പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. ആദ്യത്തെ വിപണനശാല നെടുമ്പാശേരി വിമാനത്താവളമായിരിക്കും. അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്നും കൃഷി മന്ത്രി തുടർന്നു പറഞ്ഞു.

യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം.പി, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്,ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ കൃഷി വികസന ഓഫീസർ കെ.എസ്. മിനി, നോഡൽ ഓഫീസർ എസ്.എസ്. ശാലുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന കൃഷി വകുപ്പ് 9 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. അടുത്ത മൂന്നുമാസത്തിനകം പദ്ധതിക്ക് തുടക്കമാകും.