ഗുരുവായൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ലോക്കൽ കമ്മിറ്റി അംഗം അടക്കമുള്ളവർ സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേരുന്നു. വാർഡ് 13ലെ സ്ഥാനാർത്ഥിയും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നീ പദവികളുമുള്ള ടി.എ. രാജഗോപാൽ, ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറിയുമായ ടി.എ. ബാലഗോപാൽ, എ.ഐ.വൈ.എഫ് കാരക്കാട് യൂണിറ്റ് സെക്രട്ടറി സി. കൃഷ്ണനുണ്ണി, യൂണിറ്റ് പ്രസിഡന്റ് എം.വി. അനിൽകുമാർ, സി. രോഹിത് എന്നിവരാണ് പദവികൾ രാജിവച്ച് സി.പി.എമ്മിൽ ചേരുന്നത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ സി.പി.എമ്മിനേ കഴിയൂ എന്നതിനാലാണ് തങ്ങൾ സി.പി.എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് രാജിവച്ചവർ പ്രസ്താവനയിൽ പറഞ്ഞു.