election

തൃശൂർ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണിയറയിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം. ചർച്ചകൾ നടക്കുന്നുവെന്നത് മുന്നണി നേതൃത്വങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും പ്രധാന നേതാക്കളെ കണ്ട് ജില്ലാ സംസ്ഥാന നേതാക്കൾ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ ആധിപത്യം സ്ഥാപിച്ച ജില്ലയാണ് തൃശൂർ. അതിനാൽ ഇത്തവണ മേൽക്കൈ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12 എണ്ണവും എൽ.ഡി.എഫ് നേടിയപ്പോൾ വടക്കാഞ്ചേരി മാത്രമാണ് യു.ഡി.എഫിന്റെ കൈകളിലുള്ളത്. അതും നൂറിൽ താഴെ വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിന്.

എന്നാൽ ഇത്തവണ കൂടുതൽ സീറ്റ് നേടാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. എൻ.ഡി.എയും ശക്തമായ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.

എൽ.ഡി.എഫ്

രണ്ടു തവണ മത്സരിച്ചവരെ മാറ്റിനിറുത്തുമെന്ന സി.പി.എം തീരുമാനം ജില്ലയിൽ പൂർണമായി നടപ്പാക്കാനിടയില്ല. ഭരണത്തുടർച്ച ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്ന നിലപാടിലാണ് നേതൃത്വം. അതിനാൽ മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, എം.എൽ.എമാരായ കെ.വി. അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി എന്നിവർക്ക് വീണ്ടും സീറ്റ് നൽകിയേക്കും.

ചില മണ്ഡലങ്ങളിൽ യുവ നേതാക്കളെ രംഗത്തിറക്കാനുള്ള നീക്കവുമുണ്ട്. വടക്കാഞ്ചേരിയിൽ കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കാനും ഉദ്ദേശമുണ്ട്. ചാലക്കുടിയോ ഇരിങ്ങാലക്കുടയോ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു നൽകും. സി.പി.ഐയിലും ഇത്തവണ വലിയ മാറ്റം വരാനിടയില്ല. വി.എസ്. സുനിൽ കുമാർ, ഗീത ഗോപി എന്നിവർ രണ്ടിലധികം തവണ മത്സരിച്ചവരാണ്. എന്നാൽ സുനിൽ കുമാറിന് വീണ്ടും സീറ്റ് നൽകിയേക്കും.

കഴിഞ്ഞ തവണത്തെ നഷ്ടം നികത്താൻ എല്ലാ അടവും പയറ്റാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. യുവ നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ്യം നേതൃത്വത്തിന് അംഗീകരിക്കേണ്ടി വരും. പദ്മജ വേണുഗോപാൽ, സുന്ദരൻ കുന്നത്തുള്ളി, തോമസ് ഉണ്ണിയാടൻ, ജോസ് വള്ളൂർ, ഷാജി കോടങ്കടത്ത്, സി.എച്ച്. റഷീദ്, കെ.വി. ദാസൻ, എൻ.കെ. സുധീർ, അനിൽ അക്കര, ഒ. അബ്ദു റഹിമാൻ കുട്ടി എന്നിവർ പരിഗണനാ പട്ടികയിൽ ഉണ്ടായേക്കും. പുതുമുഖങ്ങളെ കൂടുതൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും ഓരോ കെ.പി.സി.സി ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ആയിരിക്കും പട്ടിക തയ്യാറാക്കുക.

മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി എൻ.ഡി.എയും ഏതാനും മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്. കഴിഞ്ഞ ലോക്സഭ, നിയമസഭാ തിരഞ്ഞപ്പുകളിലെ വോട്ട് വർദ്ധനവും തദ്ദേശ തിരഞ്ഞെടുപ്പിലെ തരക്കേടില്ലാത്ത പ്രകടനവും പ്രതീക്ഷ പുലർത്തുന്നു. സുരേഷ് ഗോപി, സന്ദീപ് വാര്യർ എന്നിവർ ജില്ലയിൽ മത്സരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ബി.ഡി.ജെ.എസിന്റെ പ്രമുഖ നേതാക്കളും മത്സര രംഗത്തുണ്ടാകും. ബി.ജെ.പിയിലെ ബി. ഗോപാലകൃഷ്ണൻ, എ. നാഗേഷ്, അനീഷ് കുമാർ, ഷാജുമോൻ വട്ടേക്കാട് എന്നിവർക്ക് പുറമെ പൊതു സമ്മതരായ ചിലരെ കൂടി മത്സരിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നതായി അറിയുന്നു.