road-nirmanam
ജെ.സി.ബി ഉപയോഗിച്ച് റോഡ് നിർമ്മാണം നടത്തുന്നു

കൊടുങ്ങല്ലൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കി വാർഡ് കൗൺസിലർ. നഗരസഭ കോട്ടപ്പുറം 25-ാം വാർഡിൽ മത്സരിച്ച കോൺഗ്രസ് നേതാവ് വി.എം. ജോണിയാണ് തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ജനങ്ങളുടെ പ്രശംസ നേടിയത്. പടിഞ്ഞാറൻ മേഖലയിൽ താമസിക്കുന്നവർ കോട്ടപ്പുറം ഭാഗത്തേക്ക് വരണമെങ്കിൽ തിരക്കേറിയ കോട്ടപ്പുറം ചന്തപ്പുര ബൈപ്പാസ് റോഡ് മുറിച്ചുകടക്കേണ്ട സാഹചര്യമായിരുന്നു. നേരത്തെ കോട്ടപ്പുറം പാലത്തിനും താഴെ അപ്രോച്ച് റോഡിനോടും ചേർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാതെ പോകാൻ സൗകര്യപ്രദമായ ചെറിയ റോഡുണ്ടായിരുന്നു.

എന്നാൽ രണ്ട് വർഷം മുമ്പ് വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ റോഡ് താഴ്ത്തിയതിനെ തുടർന്ന് പുഴയിൽ നിന്നും വെള്ളം കയറി ഈ വഴിയുള്ള സഞ്ചാരം തടസപ്പെടുകയായിരുന്നു. വഴി നടക്കാൻ പറ്റാതെയായതോടെ സ്‌കൂൾ വിദ്യാത്ഥികൾ അടക്കം നിരവധി പേരാണ് ദുരിതത്തിലായത്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് വി.എം. ജോണി നഗരസഭാ ചെയർപേഴ്‌സനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സ്ഥലത്ത് എത്തിച്ച് പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് റോഡ് പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടായത്. ഉടൻ ജോണി തന്നെ ജെ.സി.ബി വരുത്തി റോഡിന്റെ നിർമ്മാണം ആരംഭിക്കുകയായിരുന്നു. റോഡ് മുറിച്ച് കടന്നതിനിടെ ഒരാഴ്ച മുമ്പ് കോട്ടപ്പുറം മാർക്കറ്റിലേക്ക് വരികയായിരുന്ന ഒരു സൈക്കിൾ യാത്രികൻ ഈ ഭാഗത്ത് വച്ച് അജ്ഞാത വാഹനം തട്ടി മരിച്ചിരുന്നു.