കൊടുങ്ങല്ലൂർ: പ്രാദേശിക വികസനത്തെ ഉത്പാദനാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായ ബദലായി ഉയർത്തിക്കൊണ്ടുവരാനാകണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി.ജി. ഗോപിനാഥൻ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി സംഘടിപ്പിച്ച പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായുള്ള വികസന സംവാദത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തൊഴിലവസരങ്ങൾ പരമാവധി കണ്ടെത്തിക്കൊണ്ടായിരിക്കണം ഇനി മുന്നോട്ടുപോകേണ്ടത്. ചെറിയ ഉത്പാദന സംരംഭങ്ങളായി ഉയർന്നുവരണം. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർധിപ്പിച്ചുകൊണ്ടല്ലാതെ കേരളത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകില്ല. തരിശായി കിടക്കുന്ന ഭൂമി കൃഷിയിടമാക്കി മാറ്റാൻ കഴിയണം. കൃഷി, മൃഗപരിപാലനം, ഡയറി, മത്സ്യബന്ധനം എന്നീ മേഖലകളിലെല്ലാം ഉത്പാദന വർദ്ധനവ് ലക്ഷ്യമിട്ടുള്ള പ്രൊജക്ടുകൾ വാർഷിക പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തണമെന്നും വി.ജി. ഗോപിനാഥൻ പറഞ്ഞു.
അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷായി അയ്യാരിൽ, വത്സമ്മ ടീച്ചർ, മോനിഷ ലിജി, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ഡൊമിനിക് ജോമോൻ തുടങ്ങി ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.