ayur

തൃശൂർ: കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ആയുർവേദ ചികിത്സയെ കൊവിഡ് രോഗികൾക്കായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ച് രണ്ട് മാസം പിന്നിടുമ്പോൾ ചികിത്സ തേടിയത് 2015 പേർ. അതേസമയം, കൊവിഡ് നെഗറ്റീവായി ചികിത്സ തേടിയവർ പതിനായിരം കവിഞ്ഞു.

വീടുകളിൽ ചികിത്സയിലിരിക്കുന്നവർക്കാണ് മരുന്ന് നൽകുന്നത്. ഇനി സി.എഫ്.എൽ.ടി.സികളിലേക്കും ആയുർവേദ മരുന്ന് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങളും ഭാരതീയ ചികിത്സാവകുപ്പ് പൂർത്തിയാക്കി. ഇതിനുള്ള സാങ്കേതിക തടസം മറികടന്നാൽ ഉടനെ മരുന്ന് ലഭ്യമാക്കാനാവും. കഴിഞ്ഞ നവംബർ 18 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് അതിന് അനുസൃതമായി ഭാരതീയ ചികിത്സാവകുപ്പ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് രൂപം നൽകിയത്. ഭേഷജം ചികിത്സാ പദ്ധതിയിലൂടെ, ഫസ്റ്റ്, സെക്കൻഡ് ലൈൻ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും വീടുകളിലും ഐസൊലേറ്റ് ചെയ്യപ്പെട്ടിട്ടുളള ഗുരുതരാവസ്ഥയിൽ ഇല്ലാത്ത കാറ്റഗറി എ വിഭാഗത്തിലുളള കൊവിഡ് രോഗികൾക്ക് ആയുർവേദ മരുന്നുകൾ നൽകാനായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവ്.


ആർക്കും ഗുരുതരമായില്ല


ചികിത്സ തേടിയവരിൽ ഏറിയ പേർക്കും രോഗം ഗുരുതരമാകാത്തതിനെ തുടർന്ന് മറ്റിടങ്ങളിൽ ചികിത്സ തേടേണ്ടി വന്നിട്ടില്ലെന്ന് ഭാരതീയ ചികിത്സാ വകുപ്പ് അധികൃതർ അവകാശപ്പെടുന്നു. ഇന്ദുകാന്തം കഷായം, സുദർശനം ഗുളിക തുടങ്ങി രോഗാവസ്ഥയ്ക്ക് അനുയോജ്യമായ ഔഷധങ്ങളാണ് ഭേഷജം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. യോഗ, ശ്വസന വ്യായാമവും നൽകുന്നുണ്ട്. സൗജന്യമാണ് സേവനം. സംസ്ഥാന ആയുർവേദ കൊവിഡ് 19 സെല്ലിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.


ക്‌ളിനിക്കുകളിൽ ബന്ധപ്പെടാം


ആയുർവേദ ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികൾക്ക് അടുത്തുള്ള സർക്കാർ ആയുർവേദ ക്‌ളിനിക്കുകളിലോ ആശുപത്രികളിലോ ബന്ധപ്പെടാം. ആശാ വർക്കർമാർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ വഴിയും ചികിത്സ ആവശ്യപ്പെടാം. രോഗികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വഴിയും മരുന്ന് ലഭ്യമാക്കുന്നുണ്ട്.


കൊവിഡ് ചികിത്സ ഇങ്ങനെ

ഇതുവരെ ചികിത്സ തേടിയ മുഴുവൻ ആളുകൾക്കും ഫലപ്രദമായി ചികിത്സ നൽകാൻ ഭേഷജം പദ്ധതിക്കായി. അതിനാൽ തന്നെ നിരവധി പേരാണ് ആയുർവേദ ചികിത്സ തേടിയെത്തുന്നത്. കൊവിഡാനന്തര ചികിത്സയ്ക്കായി ആവിഷ്‌കരിച്ച പുനർജ്ജനി പദ്ധതിയും ആശ്വാസമായി.

ഡോ. സലജകുമാര

ഡി.എം.ഒ

ഭാരതീയ ചികിത്സാവകുപ്പ്