തൃശൂര്‍: ഇടത് ട്രാക്കിലൂടെ പോകുന്നതിന് പകരം ഓവര്‍ടേക്ക് ചെയ്യാനുളള വലത് ട്രാക്കിലൂടെ ചരക്ക് ലോറികള്‍ ഓടിക്കുന്നത് ദേശീയപാതയില്‍ അപകടങ്ങള്‍ക്കും തുടര്‍ന്നുളള ഗതാഗതക്കുരുക്കിനും വഴിവയ്ക്കുന്നു. ലോറികളുടെ നിയമലംഘനം കണ്ടെത്താന്‍ കര്‍ശനപരിശോധനകളാണ് പീച്ചി, മണ്ണുത്തി, ഒല്ലൂര്‍ പൊലീസ് നടത്തുന്നത്. ആധുനിക കാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ലോറികളെ പൂര്‍ണമായും നിയന്ത്രിക്കാനാകുന്നില്ല. വലതുവശത്ത് ഓടിക്കുന്ന ലോറികള്‍ പെട്ടെന്ന് ഇടത്തോട്ട് വെട്ടിക്കുന്നതുകൊണ്ടാണ് അപകടങ്ങള്‍ സംഭവിക്കുന്നത്.
ചരക്കു ലോറികള്‍ തകരാറിലാവുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന്, രാവിലെയും വൈകിട്ടും ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം കുതിരാനില്‍, തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കുലോറി പടിഞ്ഞാറെ തുരങ്കത്തിനു താഴെ റോഡില്‍ നിന്ന് ഒരു അടി താഴ്ചയിലേക്ക് ചെരിഞ്ഞിരുന്നു. ക്രെയിന്‍ ഉപയോഗിച്ചു വാഹനം കയറ്റുന്നതിനിടെ വന്‍ഗതാഗതക്കുരുക്ക് ഉണ്ടായി. രാത്രിയില്‍ ചരക്കുലോറികള്‍ കൂടുതല്‍ വരുന്നതും അപകടങ്ങള്‍ക്കും കുരുക്കിനും വഴിയൊരുക്കുന്നുണ്ട്.
പീച്ചി റോഡ് ജംഗ്ഷന്‍ മുതല്‍ ദേശീയപാതയില്‍ സ്വകാര്യബസ് സ്റ്റാന്‍ഡിന് സമീപം വരെ റോഡിന് ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡുകളുടെ ടാറിടല്‍ പൂര്‍ത്തീകരിച്ചത് ആശ്വാസമായി. ഭാരമേറിയ ചരക്കുവാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്നതിനാല്‍
സര്‍വീസ് റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗതാഗതക്കുരുക്കും റോഡിലെ കുഴിയില്‍വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിരുന്നു. താത്കാലിക പരിഹാരമായി കുഴിയടച്ചിരുന്നെങ്കിലും വീണ്ടും പൊളിഞ്ഞു.
രണ്ടു ദിവസം കൊണ്ടാണ് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ സര്‍വീസ് റോഡുകളുടെ ടാറിടല്‍ പൂര്‍ത്തീകരിച്ചത്. അര കിലോമീറ്ററിനുള്ളില്‍ പീച്ചി റോഡ് ജംഗ്ഷനിലും പട്ടിക്കാട്ടും രണ്ട് അടിപ്പാതകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ സര്‍വീസ് റോഡുകളിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ചെമ്പൂത്ര മേഖലയിലെ സര്‍വീസ് റോഡിലാണ് ഇനി അറ്റകുറ്റപ്പണികള്‍ ഉള്ളത്. പീച്ചി റോഡ് മുതല്‍ മുടിക്കോട് വരെയുള്ള ഭാഗത്ത് ഒന്നു രണ്ടിടങ്ങളിലും റോഡ് നിര്‍മ്മാണം നടത്താനുണ്ട്.
കുതിരാന്‍ തുരങ്ക മുഖത്തിനു പടിഞ്ഞാറു വശത്തുള്ള പാറക്കെട്ടുകള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ണമായും നീക്കം ചെയ്യും. റോഡിലേക്ക് 10 മീറ്ററോളം തള്ളിനില്‍ക്കുന്ന പാറക്കെട്ടുകളാണു പൊളിച്ചു നീക്കുന്നത്. മുകള്‍വശത്തെ മണ്ണു നീക്കം തുടരുന്നുണ്ട്.
റോഡിനു സമീപത്തെ വളവ് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാറക്കെട്ടുകള്‍ പൊളിച്ചു നില്‍ക്കുന്നത്. വനംവകുപ്പില്‍ നിന്നുള്ള അനുമതി വൈകിയതിനാലാണ് പാറക്കെട്ടുകള്‍ പൊളിച്ചുനീക്കുന്ന കാര്യത്തില്‍ അവ്യക്തത ഉണ്ടായത്.