വടക്കാഞ്ചേരി: സംസ്ഥാന കൃഷിവകുപ്പ് അനുവദിച്ച ജൈവ പച്ചക്കറി കൃഷി പ്രൊജക്ട് രണ്ടാം തവണയും ഏറ്റെടുത്ത് വരവൂർ ഗവ. എൽ.പി സ്‌കൂൾ മാതൃകയായി. തരിശുകിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് ജൈവ പച്ചക്കറികളും, പൂവൻ വാഴ, നേന്ത്രവാഴ എന്നിവയും കൃഷി ചെയ്തു വരുന്നു. വിദ്യാലയങ്ങളിലെ 800 കുട്ടികളും ജൈവ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. കൊവിഡ് കാലത്തും അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി വരുന്നുണ്ട്. രണ്ടാം ഘട്ട കൃഷിയിറക്കലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നബീസ നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ എം.ബി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ദീപു പ്രസാദ്, പ്രീതി ഷാജു, വടക്കാഞ്ചേരി കൃഷി ഭവൻ അസി.ഡയറക്ടർ എൻ.കെ. അജിത് മോഹൻ എന്നിവർ പങ്കെടുത്തു.