കൊടുങ്ങല്ലൂർ: വീടിനകത്തെ മാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിഞ്ഞതിന് ഡോക്ടർക്കെതിരെ നഗരസഭ കേസെടുത്തു. നഗരസഭ നൽകിയ നോട്ടീസ് കൈപ്പറ്റാതെ നിഷേധിച്ച ഡോക്ടറുടെ മതിലിൽ നോട്ടീസ് പതിച്ച് നഗരസഭാ അധികൃതർ നിയമപരമായ നടപടിയിലേക്ക് നീങ്ങി. തെക്കെ നടയിൽ താമസിക്കുന്ന ഡോ. പരമേശ്വരനെതിരെയാണ് നഗരസഭ പിഴചുമത്തി നോട്ടീസ് നൽകിയത്. തെക്കെ നടയിൽ പറവൂർ റോഡിന് സമീപത്തെ താമസക്കാരനായ ഡോക്ടർ വീട്ടിലെ മാലിന്യം റോഡിലേക്ക് ഇടുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു.

നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരുടെ പരിശോധനയിലാണ് ഡോക്ടർ മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിയത്. തുടർന്ന് നഗരസഭ നോട്ടീസ് നൽകിയെങ്കിലും കൈപ്പറ്റാൻ അദ്ദേഹം തയ്യാറായില്ല. കാവിൽക്കടവിൽ ആക്രിക്കടയോട് ചേർന്ന് പ്ലാസ്റ്റിക് കത്തിച്ചതിന് ആക്രിക്കട ഉടമക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. കാവിൽക്കടവിൽ തൃശൂർ റോഡിൽ വിശാലമായ സ്ഥലത്ത് വൻതോതിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് പ്രദേശത്താകെ വ്യാപകമായി കറുത്ത പുക പടർന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് ആക്രിക്കട ഉടമക്കെതിരെ നടപടിക്ക് നഗരസഭ ഒരുങ്ങുന്നത്.