കൊടുങ്ങല്ലൂർ: എസ്.ബി.ഐ റോഡിലേക്ക് ഒഴുകി വന്നിരുന്ന ദുർഗന്ധം നിറഞ്ഞ മലിനജലം നഗരസഭ ഇടപെട്ട് അടച്ചതായി വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർമാനുമായ കെ.ആർ. ജൈത്രൻ അറിയിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ബാങ്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിലാണ് മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നുള്ള കാനയിൽ നിന്ന് മാലിന്യം ഒഴികിയെത്തിയിരുന്നത്.

മലിനജലം കെട്ടിക്കിടന്നിരുന്ന കാനയിലേക്ക് സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ മുകൾ ഭാഗത്തുള്ള കുടിവെള്ള പൈപ്പ് പൊട്ടിയാണ് വെളളം ഒഴുകിയിരുന്നത്. മാലിന്യം ഒഴുകുന്ന റോഡിലൂടെ നിത്യവും നിരവധി പേരാണ് യാത്ര ചെയ്യുന്നത്. ഇവിടെ താമസിക്കുന്നവർക്കും വലിയ പ്രശ്‌നം സൃഷ്ടിച്ചതിനാൽ നഗരസഭ ഇടപെട്ട് സിവിൽ സ്റ്റേഷന്റെ ചുമതലയുള്ള തഹസിൽദാർക്ക് നോട്ടീസ് നൽകി. തുടർന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനിയറുടെ മേൽനോട്ടത്തിൽ വെള്ളം ലീക്ക് ചെയ്യുന്നത് ശരിയാക്കിയെങ്കിലും മലിനജല പ്രശ്‌നത്തിൽ പരിഹാരമായില്ല.

ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ കാന സിമന്റിട്ടാണ് മലിന ജലത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയത്. റോഡിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇവിടത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഇക്കാര്യത്തിൽ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.