mmm

ഏനാമാക്കൽ റെഗുലേറ്ററിനോട് ചേർന്നുള്ള മെയിൻ ചാലിൽ നിന്ന് താത്കാലിക വളയംകെട്ട് പൊട്ടിച്ച് വെള്ളം ഒഴുക്കിവിടുന്നു.

മണലൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ അന്തിക്കാട് കോൾ പടവുകളിൽ ഉൾപ്പെടെ വ്യാപക കൃഷിനാശം സംഭവിച്ചതിനെ തുടർന്ന് ഏനാമാക്കൽ റെഗുലേറ്ററിലെ വളയംകെട്ട് ഭാഗികമായി തുറന്നു. ഏനാമ്മാവ് റെഗുലേറ്റർ മെയിൻ ചാലിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ താത്കാലിക വളയംകെട്ടിൽ സജ്ജമാക്കിയിട്ടുള്ള പത്തായം വഴിയാണ് ഞായറാഴ്ച മുതൽ വെള്ളം ഒഴുക്കിവിട്ടത്.

വെള്ളം ക്രമാതീതമായി ഉയർന്നതോടെ അന്തിക്കാട് പാടശേഖരത്തിലെ പുള്ള്, ചോലമുറി, കോവിലകം പടവിലെ വപ്പുഴ ഭാഗം, അയ്യപ്പൻ കോൾ പടവുകളിലും എറവ് കൊടയാട്ടി പടവിലുമാണ് കൃഷിനാശം സംഭവിച്ചത്.

പുള്ള്, ചോലമുറി പടവുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ നെൽച്ചെടികൾ മുഴുവൻ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. കോൾ പടവിലെ പ്രധാന ചാലിൽ വെള്ളം ഉയർന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിക്കാനും കഴിയാത്ത അവസ്ഥയാണ്. ഏനാമാക്കൽ റെഗുലേറ്ററിലെ വളയംകെട്ട് അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് അന്തിക്കാട് കോൾ പാടശേഖര കമ്മിറ്റി സെക്രട്ടറി എം.ജി. സുഗുണദാസ് ഇറിഗേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നു.