ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥരായി ജോലി ചെയ്ത ജീവനക്കാർക്ക് ഇതുവരെയും പ്രതിഫലം നൽകിയില്ലെന്ന് പരാതി. ഡിസംബർ ഒന്നു മുതൽ എട്ടുവരെ കൊവിഡ് ബാധിതരായവരുടെ വീടുകളിൽ നേരിട്ടെത്തി സ്‌പെഷ്യൽ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ നിയോഗിക്കപ്പെട്ട ജില്ലയിലെ നൂറുകണക്കിന് ജീവനക്കാർക്കാണ് ഇതുവരെയും പ്രതിഫലം നൽകാത്തത്. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, സ്‌പെഷ്യൽ പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഓഫീസർ തുടങ്ങിയ മൂന്നംഗ ടീമിനാണ് പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് ബാധിതരുടെ അരികിൽ എത്തിയിരുന്നത്‌. പോളിംഗ് ഓഫീസർക്ക് ദിവസവും ആയിരം രൂപയും, 250 രൂപ ബത്തയും ഉൾപ്പെടെ 1250 രൂപയും, അസിസ്റ്റന്റിന് 750 രൂപയും 250 രൂപ ബത്തയും ഉൾപ്പെടെ ആയിരം രൂപയുമാണ് നൽകാമെന്ന് പറഞ്ഞിരുന്നത്. എന്നാൽ രാവും പകലുമില്ലാതെ ജോലിയെടുത്ത ഈ ഉദ്യോഗസ്ഥർക്ക് ഇതുവരെയും പ്രതിഫലമൊന്നും നൽകിയിട്ടില്ല. വിവിധ വിദ്യാലയങ്ങളിലെ ഒട്ടേറെ നോൺ ടീച്ചിംഗ് സ്റ്റാഫുകൾ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു. കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.