തൃശൂർ: ജില്ലയിലെ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പിളർന്നു. ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് (എം) ൽ ലയിക്കാനാണ് തീരുമാനം. ആകെയുള്ള ഒമ്പത് നിയോജക മണ്ഡലം കമ്മിറ്റികളിൽ അഞ്ചെണ്ണവും കേരള കോൺഗ്രസ് എമ്മിനൊപ്പമാണ്.
ജില്ലയിൽ ആകെയുള്ള 200 അംഗങ്ങളിൽ 145 പേരും ഇനി കേരള കോൺഗ്രസ് (എം) നൊപ്പം ചേരും. ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസിന് രാജികത്ത് നൽകിയതായി കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് നീലങ്കാവിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. സുമനും, സി.എസ്. റോബിനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലക്ഷ്യം കേരള കോൺഗ്രസിന്റെ ഒന്നാകൽ
കേരള കോൺഗ്രസുകാർ ഒരുമിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്നും വർഗീസ് നീലങ്കാവിൽ. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ടി. തോമാസ് മാസ്റ്റർ നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതായി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ അറിയിച്ചു.