അരയും തലയും മുറുക്കി മുന്നണികൾ
തൃശൂർ: കോർപറേഷനിലെ പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി വോട്ടർമാരെ സ്വാധീനിക്കാൻ സകല അടവും പയറ്റുകയാണ് മുന്നണികൾ. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളുടെ ജില്ലാ കമ്മിറ്റികളാണ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
ഒരിടത്തും വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെടെ ശ്രദ്ധിക്കുന്നുണ്ട്. കോർപറേഷന്റെ ഭരണഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാകും പുല്ലഴിയിലേത്. കോൺഗ്രസ് വിമതനെ മേയറാക്കിയാണ് ഇപ്പോൾ എൽ.ഡി.എഫിന്റെ ഭരണം.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. എം.കെ. മുകുന്ദൻ മരിച്ചതിനെ തുടർന്ന് നീട്ടിവച്ച തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചാൽ ഭരണം അരക്കിട്ടുറപ്പിക്കാൻ ഇതടുപക്ഷത്തിനാകും. അതേസമയം യു.ഡി.എഫ് വിജയിച്ചാൽ അവിശ്വാസവും നാടകീയ നീക്കങ്ങൾക്കും സാക്ഷിയാകേണ്ടി വരും.
സ്ഥാനാർത്ഥികൾ
അഡ്വ. മഠത്തിൽ രാമൻകുട്ടി (എൽ.ഡി.എഫ്)
കെ. രാമനാഥൻ (യു.ഡി.എഫ്)
സന്തോഷ് പുല്ലഴി (എൻ.ഡി.എ)
കോർപറേഷനിലെ കക്ഷിനില
യു.ഡി.എഫ് - 23, എൽ.ഡി.എഫ് -24, എൻ.ഡി.എ - 6, കോൺഗ്രസ് വിമതൻ -1
വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിൽ സ്ഥാനാർത്ഥികൾ
വോട്ടർമാരെ നേരിൽകണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് സ്ഥാനാർത്ഥി കെ.രാമനാഥൻ, ഇടതുസ്വതന്ത്രൻ എം. രാമൻകുട്ടി, എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് പുല്ലഴി എന്നിവർ രംഗത്തുള്ള പുല്ലഴിയിൽ മത്സരം കടുത്തതാകുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ.
ഡിവിഷൻ പിടിക്കാൻ അരയും തലയും മുറുക്കി മുന്നണികൾ
ഡിവിഷൻ തിരിച്ചുപിടിക്കാൻ എല്ലാശ്രമങ്ങളും നടത്താനാണ് യു.ഡി.എഫ് ശ്രമം. രാജൻ പല്ലൻ, ജോൺ ഡാനിയേൽ, എ. പ്രസാദ് എന്നിവർക്കാണ് ബൂത്തുകളുടെ ചുമതല ഡി.സി.സി. നൽകിയിട്ടുള്ളത്. സി.പി.എം നേതാക്കളായ എം.കെ. കണ്ണൻ, പി.കെ. ഷാജൻ എന്നിവർക്കാണ് സി.പി.എം ചുമതല.
സൗജന്യങ്ങൾ നൽകുന്നതായി ആക്ഷേപം
വോട്ടർമാർക്ക് വൻതോതിൽ അരിയും മറ്റും വിതരണം ചെയ്യുന്നതായുള്ള ആക്ഷേപം ഉയരുന്നുണ്ട്. അവശ്യവസ്തുക്കൾ വൻതോതിൽ നൽകി വോട്ടുകൾ മറിക്കാൻ ശ്രമമെന്നാണ് ആരോപണം. തമിഴ്‌നാട് മാതൃകയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എതിർപക്ഷം ശ്രമിക്കുകയാണെന്ന് കക്ഷികൾ പരസ്പരം കുറ്റപ്പെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ അവിഹിത മാർഗങ്ങളുണ്ടായാൽ അത് പ്രതിരോധിക്കാനുള്ള വഴികളാണ് മുന്നണികൾ തേടുന്നത്. എന്തു പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടാലും ഉടൻ അറിയിക്കണമെന്ന നിർദേശമാണ് താഴേത്തട്ടിലേക്കു നൽകിയിട്ടുള്ളത്.