തൃശൂർ: കോർപറേഷൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രണ്ട് സീറ്റിന്റെ മാത്രം വ്യത്യാസത്തിൽ ഭരണത്തിൽ തുടരുന്ന എൽ.ഡി.എഫിന് മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും ചെയർമാൻ സ്ഥാനം ലഭിക്കില്ല. കോർപറേഷനിൽ ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ നാലെണ്ണം എൽ.ഡി.എഫിന് ലഭിക്കുമ്പോൾ മൂന്നെണ്ണം കോൺഗ്രസിന് കിട്ടും.
ധനകാര്യം, ആരോഗ്യം, നികുതി അപ്പീൽ, പൊതുമരാമത്ത് എന്നിവയാകും ഇടതു മുന്നണി ഏറ്റെടുക്കുക. കോൺഗ്രസിന് ക്ഷേമകാര്യം, നഗരാസ്രൂത്രണം,വിദ്യാഭ്യാസം, എന്നിവ ലഭിച്ചേക്കും. ഡെപ്യൂട്ടി മേയർ തന്നെയാകും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ സി.പി.ഐക്ക് നൽകാത്തതിനാൽ പ്രധാന ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം അവർക്ക് നൽകും. നികുതി അപ്പീൽ ചെയർമാൻ സ്ഥാനമാകും സി.പി.ഐക്ക് ലഭിക്കുക. സി.പി.ഐക്ക് ലഭിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സാറാമ്മ റോബസ്ൺ ആകും ചെയർപേഴ്‌സൺ.
കേരള കോൺഗ്രസ് എമ്മിനും ജനതാദളിലും ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റികൾ നൽകും. രണ്ടര വർഷം വീതമാണ് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം സംബന്ധിച്ച് ഇടതു മുന്നണിയിൽ ധാരണ. കോൺഗ്രസിൽ നഗരാസൂത്രണ ചെയർമാൻ സ്ഥാനത്തേക്ക് ജോൺ ഡാനിയേലിനെയും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാനായി എൻ.എ ഗോപകുമാറിനെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ലാലി ജയിംസിനെയുമാണ് പരിഗണിക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന്
ജില്ലാ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം എൽ.ഡി.എഫിന് ഉള്ളതിനാൽ മുഴുവൻ സ്ഥാനങ്ങളും എൽ.ഡി.എഫിന് തന്നെയാകും. സി.പി.എമ്മിന് പുറമേ സി.പി.ഐ, എൽ.ജെ.ഡി, എൻ.സി.പി എന്നിവർക്കും സ്ഥാനം ലഭിച്ചേക്കും. നിലവിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം വൈസ് പ്രസിഡന്റിനാണ്. അത് സി.പി.ഐയാണ് വഹിക്കുന്നത്. കൂടാതെ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി കൂടി സി.പി.ഐക്ക് നൽകാൻ ധാരണയായിട്ടുണ്ട്. കോൺഗ്രസിന് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാകാൻ മാത്രമേ കഴിയൂ. 29 അംഗ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് 24 സീറ്റും കോൺഗ്രസിന് അഞ്ചു സീറ്റുമാണുള്ളത്.