മാള: കൃഷിയിലൂടെ പ്രതിമാസം 50,000 രൂപ ലാഭം !. മാളയ്ക്കടുത്ത് തുമ്പൂർ സ്വദേശിയായ കോങ്കോത്ത് സിബിൽ ജോർജിന്റെ (48) ലക്ഷ്യം അതൊന്നു മാത്രമാണ്. ആ ഗവേഷണത്തിനായി കൃഷി ചെയ്യാനും വിളവെടുക്കാനും വിദേശത്ത് നിന്ന് നാട്ടിലെത്തും. 2018 മുതലുള്ള ഗവേഷണത്തിന്റെ 25 ശതമാനം ഫലം അനുകൂലം. സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി രീതിയെയാണ് ആശ്രയിക്കുന്നത്.
സ്വന്തമായുള്ള അഞ്ച് ഏക്കർ കൃഷിഭൂമിയിൽ രക്തശാലി, കുറുവ എന്നീ നെല്ലിനവും വീട്ടുപറമ്പിലെ പച്ചക്കറി തോട്ടത്തിൽ വെണ്ട, ചീര, മഞ്ഞൾ, ഇഞ്ചി, വാഴ തുടങ്ങിയ ഇനങ്ങളും വിളഞ്ഞു നിൽക്കുന്നുണ്ട്. വേളൂക്കര പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച ജൈവ കർഷകനായ സെബിൽ ഓൺലൈൻ കർഷക കൂട്ടായ്മയിലൂടെയാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. രക്തശാലി അരിക്ക് കിലോഗ്രാമിന് 275 രൂപയും കുറുവയ്ക്ക് 90 മുതൽ 110 വരെ രൂപയും ലഭിക്കുന്നു.
വീട്ടിലുള്ള എട്ട് നാടൻ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ജീവാമൃതമാണ് വളം. കീട നിയന്ത്രണത്തിനായി ഗോമൂത്രവും ചാള അഴുകിയതും വേപ്പെണ്ണയും വെളുത്തുള്ളിയും സോപ്പും കാന്താരി മുളകും ചേർത്ത മിശ്രിതം തളിക്കും. സിബിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് പഠന ശേഷമാണ് 1997 ൽ നാട്ടിൽ നിന്ന് ജോലി തേടി പോയത്. മുംബയ് അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്ത ശേഷം ദുബായിൽ സ്വകാര്യ ബാങ്കിൽ ഫെസിലിറ്റിസ് മാനേജരായി. 2003 ൽ ജോലിക്കൊപ്പം സ്വന്തമായി ലാൻഡ് സ്‌കേപ്പിംഗ് സംരംഭം തുടങ്ങി. രണ്ട് ജീവനക്കാരുമായി തുടങ്ങിയ സംരംഭത്തിൽ ഇപ്പോൾ നൂറിലധികം പേർ ജോലി ചെയ്യുന്നു. 2011 മുതൽ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് സംരംഭം നടത്തുന്നത്. ഭാര്യ ഡെറ്റിയും മക്കളായ ബ്രൈസ്, സ്റ്റെഫി എന്നിവരും സെബിലിനൊപ്പം സദാസമയം കൃഷിയിടത്തിലുണ്ട്.
കൃഷി ചെയ്ത് ഫലം കിട്ടുമ്പോൾ ലഭിക്കുന്ന സംതൃപ്തി മറ്റൊന്നിൽ നിന്നും ലഭിക്കുന്നില്ല. ആഴ്ചയിൽ പോയി വരുന്നതിനാൽ കൃഷിയെ ബാധിക്കില്ല. ഇനി കൊയ്ത്ത് കഴിഞ്ഞേ പോകൂ. ഇത്തരത്തിലുള്ള കൃഷിയിലൂടെ ലഭിക്കുന്ന അരിക്ക് വില കൂടുതലായാലും കഴിക്കുന്ന അളവും ആരോഗ്യാവസ്ഥയും താരതമ്യം ചെയ്താൽ ലാഭകരമായിരിക്കും. കൃഷി എങ്ങനെ ലാഭകരമാക്കാമെന്നും വരുമാനം നേടാമെന്നും പരീക്ഷിച്ച് വിജയിക്കുകയാണ് ലക്ഷ്യം.
സെബിൽ ജോർജ്