ചാലക്കുടി: രോഗികളേയും നാട്ടുകാരേയും ഭീതിയുടെ മുൾമുനിയിലാക്കി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ മൂർഖൻ പാമ്പ് പ്രത്യക്ഷപ്പെട്ടു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം ഏറെ വലിപ്പമുള്ള പാമ്പിനെ വനപാലകർ പിടികൂടി കൊണ്ടുപോയി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

മോർച്ചറിയുടെ ഭാഗത്ത് വാഹനങ്ങൾ പാർക്കു ചെയ്യുന്നതിടത്താണ് പാമ്പിനെ കണ്ടത്. ഒ.പി വിഭാഗം പ്രവർത്തിക്കുന്നത് ഈ കോമ്പൗണ്ടിലാണ്. രോഗികളാണ് വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്. നാട്ടുകാരും എത്തിയതോടെ വലിയയിനം മൂർഖൻ ഫണം വിടർത്തി ചീറ്റി. പലവട്ടവും ഇതാവർത്തിച്ചപ്പോൾ ആളുകൾ ഭയവിഹ്വലരായി. തുടർന്നാണ് വനംവകുപ്പിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാർഡ് സ്ഥലത്തെത്തിയത്. എട്ട് വയസ് പ്രായമുള്ളതാണ് മൂർഖനെന്ന് വനപാലകർ പറഞ്ഞു.

മോർച്ചറിയുടെ പിൻഭാഗത്തെ കാടുപിടിച്ചു കിടന്ന ഭാഗം ഈയിടെ വെട്ടിതെളിച്ചിരുന്നു. ഇവിടെ നിന്നായിരിക്കും പാമ്പു വന്നതെന്ന് കരുതുന്നു. മൊബൈൽ സ്‌ക്വാഡ് അംഗങ്ങളായ കെ.സി. ലിജേഷ്, വി.പി. പ്രിജേഷ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ വരുതിയിലാക്കിയത്.