ചാലക്കുടി: ബുധനാഴ്ച നടക്കുന്ന നഗരസഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ധാരണ. സംസ്ഥാന നേതൃത്വത്തിലേതിനു പുറമെ ചാലക്കുടിയിലെ ഗ്രൂപ്പു മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചായിരുന്നു വീതം വയ്പ്പ്. കെ.വി. പോൾ, അഡ്വ.ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, സി. ശ്രീദേവി, നിത പോൾ എന്നിവരാണ് സ്ഥിരം സമിതി അദ്ധ്യക്ഷരാവുക. പൈലപ്പൻ ഗ്രൂപ്പിലെ കെ.വി. പോളിന് ആരോഗ്യ കാര്യവും സി. ശ്രീദേവിക്ക് പൊതുമരാമത്തും നൽകും. എബി ജോർജ്ജ് ഗ്രൂപ്പിലെ ബിജു ചിറയത്തിന് വികസന കാര്യവും നിതാ പോളിന് ക്ഷേമകാര്യവും ലഭിക്കും.എ ഗ്രൂപ്പ് നേതാവ് എം.എം. അനിൽകുമാറിനെ വിദ്യാഭ്യാസ കാര്യ അദ്ധ്യക്ഷനാക്കാണ് തീരുമാനം. എ വിഭാഗത്തിലെ സിന്ധു ലോജുവിനെയാണ് നേരത്തെ വൈസ് ചെയർപേഴ്‌സണാക്കിയത്. യുഡി.എഫിന് 26 അംഗങ്ങളുള്ള കൗൺസിലിൽ സ്ഥിരം സമിതി അദ്ധ്യക്ഷരെ കണ്ടെത്തുന്നത് കഠിന പ്രയത്‌നമായിരുന്നു. മുൻഗണന മറികടന്നുള്ളതായി പലതീരുമാനങ്ങളും. ഇതിനെ തുടർ
ന്നുള്ള പൊട്ടലും ചീറ്റലും അണിയറയിൽ നിലനിൽക്കുന്നു. ഇതു ഗ്രൂപ്പു മാറ്റങ്ങൾക്കും വഴിവയ്ക്കുമെന്നാണ് അറിയുന്നത്.