kdr

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന് ബുധനാഴ്ച തുടക്കം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇക്കുറി ആഘോഷങ്ങൾ ഒഴിവാക്കി ഉത്സവം ചടങ്ങുകളിലൊതുക്കും.

ബുധനാഴ്ച വൈകിട്ട് ആറിന് ഒന്നു കുറെ ആയിരം യോഗത്തിന്റെ വകയായുള്ള ആയിരത്തിയൊന്ന് കതിന വെടിയോടെ താലപ്പൊലി ചടങ്ങുകൾ തുടങ്ങും. ഒന്നാം താലപ്പൊലി നാളായ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് തെക്കെ നടയിലെ കുരുംബയമ്മയുടെ നടയിൽ നിന്നും എഴുന്നള്ളിപ്പ് ആരംഭിക്കും.

ക്ഷേത്രാങ്കണത്തിൽ ഒരാനയും, ക്ഷേത്രവളപ്പിൽ മൂന്നാനകളും എഴുന്നള്ളിപ്പിൽ അണി നിരക്കും. രാത്രി എഴുന്നള്ളിപ്പും ഇതേ നിയന്ത്രണങ്ങളോടെയാണ് നടക്കുക. മൂന്നാം താലപ്പൊലി നാളിൽ രാത്രി ഒമ്പതിന് കുരുംബയമ്മക്ക് ഗുരുതി സമർപ്പിക്കും. മൂന്നാം താലപ്പൊലി നാളിലെ രാത്രി എഴുന്നള്ളിപ്പ് എടവിലങ്ങ് പതിനെട്ടരയാളം കോവിലകത്ത് നിന്നാണ് ആരംഭിക്കുക.

നാലാം താലപ്പൊലി നാൾ പുലർച്ചെ എഴുന്നള്ളിപ്പ് കഴിഞ്ഞ് കോലമിറക്കി പൂജിക്കുന്നതോടെ താലപ്പൊലി ആഘോഷം സമാപിക്കും.