കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരു സർവകലാശാലയുടെ ലോഗോയിൽ നിന്നും ഗുരുദേവ ചിത്രവും വചനങ്ങളും ഒഴിവാക്കിയ നടപടി രാജ്യത്തെ പിന്നാക്ക ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ. ഗുരുദേവ ചിത്രവും വചനവും ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.

സർവകലാശാല രൂപീകരിച്ചപ്പോൾ ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധമില്ലാത്ത വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ച് ശ്രീനാരായണിയരെ അപമാനിച്ചവർ തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനിയെങ്കിലും ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. കൊടുങ്ങല്ലൂർ യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷനായി.

യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ആമുഖ പ്രസംഗവും യോഗം കൗൺസിലർ ബേബി റാം പ്രതിഷേധ പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ നേതാക്കളായ സി.ബി. ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, പി.വി. കുട്ടൻ, എൻ.വൈ. അരുൺ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, ഇ.ജി. സുഗതൻ, പി.ടി. ഷുബിലകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.