കാഞ്ഞാണി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പി രഹസ്യ ധാരണയെന്ന് ആരോപണം.
തിങ്കളാഴ്ച മണലൂർ പഞ്ചായത്തിൽ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലാണ് രഹസ്യ ധാരണ പരസ്യമായതെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്ത് വന്നത്. കോൺഗ്രസ് ബി.ജെ.പി അംഗങ്ങൾ ഒറ്റക്കെട്ടായി മത്സരിക്കുകയായിരുന്നുവെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
പഞ്ചായത്തിൽ ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളും എൽ.ഡി.എഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നാല് ഒന്നാം വോട്ടും എട്ട് മൂന്നാം വോട്ടും ലഭിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഇതേ തന്ത്രം ആവർത്തിച്ചുവെന്ന് പറയപ്പെടുന്നു.
ബി.ജെ.പിക്ക് ഏഴ് ഒന്നാം വോട്ടും രണ്ട് രണ്ടാം വോട്ടും ലഭിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ എൽ.ഡി.എഫ് അംഗങ്ങളുടെ സാന്നിദ്ധ്യം ഒഴിവാക്കുക എന്നതാണ് കോൺഗ്രസ് ബി.ജെ.പി കൂട്ടുകെട്ട് ലക്ഷ്യം വച്ചതെന്ന് നേതാക്കൾ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഇതിൽ ഒന്ന്, മൂന്ന് വാർഡുകളിൽ ബി.ജെ.പി വിജയിച്ചത് കോൺഗ്രസുമായി ഉണ്ടാക്കിയ വോട്ട് കച്ചവടത്തിന്റെ പരിണതഫലമാണെന്നാണ് ആരോപണം.
ഇതുവഴി മണലൂർ പഞ്ചായത്തിൽ വർഗീയ കൂട്ടുകെട്ട് പരസ്യമായതായും വോട്ട് നേടി അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസ് ബി.ജെ.പി അംഗങ്ങൾ ജനവഞ്ചകരായി മാറിയെന്നും ഇത് ജനം തിരിച്ചറിയുമെന്നും എൽ.ഡി.എഫ് കൺവീനർ എം.ആർ മോഹനൻ, സി.പി.എം എൽ.സി സെക്രട്ടറി പി.കെ. അരവിന്ദൻ, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ പി.ബി. ജോഷി, വി.ജി. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.