തൃശൂർ: വാക്‌സിൻ എത്തുന്നു എന്ന ധൈര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നതായി ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ടെത്തൽ. നഗരത്തിലും മറ്റും വൻതിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. കൊവിഡ് പോസറ്റീവ് നിരക്ക് കുറഞ്ഞതും ആളുകളെ മുന്നറിപ്പുകൾ അവഗണിച്ച് പുറത്തിറങ്ങുന്നതിനും കാരണമാകുന്നുണ്ട്. ഇത് സ്ഥിതി ഗുരുതരമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ ബീച്ചുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചു. ഇവിടങ്ങളിൽ വിനോദസഞ്ചാരികൾ യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് കടുത്ത പിഴയോടെ കേസുകൾ രജിസ്റ്റർ ചെയ്യാൻ സെക്ടറൽ മജിസ്‌ട്രേറ്റ്മാർക്കും പൊലീസിനും നിർദേശം നൽകിയത്. സമീപ ജില്ലകളിൽ നിന്ന് ധാരാളം ആളുകൾ ജില്ലയിലെ ബീച്ചുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടത്തോടെയെത്തു്ന്നത് മറ്റു ജില്ലകളിലെ രോഗവ്യാപന തോത് കൂട്ടുന്നതിന് കാരണമാകുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. ഇതിനാൽ ജില്ലയിലെ എല്ലാ ബീച്ചുകളിലും വൈകിട്ട് 6.30ന് ശേഷം പ്രവേശന അനുമതി നിരോധിച്ചു.
ഗർഭിണികൾക്കും വൃദ്ധർക്കും നിയന്ത്രണം
രോഗവ്യാപന സാദ്ധ്യത നിലനിൽക്കുന്നതിനാൽ കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ എന്നിവർക്ക് ഇവിടങ്ങളിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കാരണവശാലും ഇത്തരം കേന്ദ്രങ്ങളിൽ എത്തരുതെന്നാണ് നിർദ്ദേശം. ദിവസേന വാക്‌സിൻ നൽകുന്നതിന് ജില്ലയിൽ 300 കേന്ദ്രങ്ങൾ ഉണ്ടായാൽ കൂടി എല്ലാവരിലും വാക്‌സിൻ എത്തിക്കുന്നതിന് ചുരുങ്ങിയത് 6 മാസക്കാലമെങ്കിലും എടുക്കും എന്നുള്ളതിനാലാണ് ഈ നടപടി. നിയന്ത്രണ നടപടികൾ കർശനമായി നടപ്പിലാക്കാൻ പൊലീസിനും സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും കളക്ടർ നിർദേശം നൽകി.