തൃശൂർ : ചാവക്കാടിനടുത്ത് പാലുവായിൽ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. പാലുവായി സ്വദേശി അർജ്ജുൻ രാജിനെ (30) ആണ് ഇന്ന് രാവിലെ ഏഴ് മണിയോടെ നാലംഗ സംഘം വീട്ടിൽ നിന്നിറക്കി തട്ടിക്കൊണ്ടു പോയത്. വീട്ടിൽ അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും നോക്കി നിൽക്കെയായിരുന്നു ബലം പ്രയോഗിച്ച് സ്വിഫ്റ്റ് കാറിൽ കയറ്റിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നിൽ ഇയാളുടെ സുഹൃത്തുക്കൾ തന്നെയെന്ന് സൂചന ലഭിച്ചിച്ചുണ്ട്. ജിത്തുവെന്ന ആളുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടു പോകൽ.
ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലുവായിൽ അർജ്ജുൻ ഒരു കച്ചവട സ്ഥാപനം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിന് സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പൊലീസ് അർജ്ജിന്റെ വീട്ടിലെത്തി പിതാവ് അജിത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്. മുൻ മാദ്ധ്യമ പ്രവർത്തകനാണ് അജിത്ത്.