തൃശൂർ : ജില്ലയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടും നിരത്തിലിറങ്ങാൻ മടിച്ച് സ്വകാര്യ ബസുകൾ. 1200 ഓളം ബസുകൾ സർവീസ് നടത്തിയിരുന്ന ജില്ലയിൽ 35 ശതമാനം മാത്രം സ്വകാര്യ ബസുകളാണ് ഇപ്പോൾ ഓടുന്നത്. കൊവിഡിനെ തുടർന്ന് പൊതുഗതാഗതം നിറുത്തിയതോടെ ജി.ഫോം നൽകി ഭൂരിഭാഗം ബസുകളും കട്ടപ്പുറത്ത് കയറ്റിയിരുന്നു. എന്നാൽ നിയന്ത്രണം പിൻവലിച്ചെങ്കിലും ജി.ഫോം പിൻവലിച്ച് സർവീസ് നടത്താൻ പകുതിയിലേറെ ഉടമകൾ ഇനിയും തയ്യാറായിട്ടില്ല.
ജി. ഫോം നൽകിയാൽ വാഹന നികുതി, ക്ഷേമനിധി, ഇൻഷ്വറൻസ് എന്നീ ബാദ്ധ്യതകളിൽ നിന്ന് ഒഴിവാകാം. 2021 മാർച്ച് 31 വരെ ബസ് ഇറക്കാതിരിക്കാനുള്ള ജി. ഫോമാണ് ഉടമകൾ നൽകിയിരുന്നത്. അതിൽ നിന്ന് ചിലർ പിൻവലിച്ചാണ് സർവീസ് നടത്തുന്നത്. അന്തർ ജില്ലാ ബസുകളിൽ പകുതി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
ദുരിതമെന്ന് ബസുടമകൾ
രാവിലെയും വൈകീട്ടും മാത്രമാണ് അൽപ്പെങ്കിലും ബസുകളിൽ ആളുകൾ കയറുന്നതെന്ന് ബസുടമകൾ പറയുന്നു. അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും സാധാരണ ദിവസത്തേക്കാൾ പകുതി പോലും യാത്രക്കാർ ഇല്ല. ഈ അവസ്ഥയിൽ മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഉടമകൾ പറയുന്നു.
തൊഴിലാളികളും പ്രതിസന്ധിയിൽ
ബസ് വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികളും കടുത്ത പ്രതിസന്ധിലാണ്. സർവീസ് നടത്താത്തതിനാൽ ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെട്ടു. ജോലി ഉള്ളവർക്ക് തന്നെ ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ട്. ഡീസൽ ചാർജ്ജും മറ്റ് ചെലവുകളും കഴിച്ചാൽ പല തൊഴിലാളികൾക്കും ദിവസം ഇരുന്നൂറ് മുതൽ 400 രൂപ മാത്രമാണ് ലഭിക്കുന്നത്. 800 മുതൽ 1200 രൂപ വരെ പ്രതിദിനം ലഭിച്ചിരുന്നതാണ്. ഭൂരിഭാഗം ബസുകളിലും മൂന്ന് പേരുണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം രണ്ട് പേരാക്കി കുറച്ചിട്ടുമുണ്ട്.
ഉൾപ്രദേശത്തെ യാത്രക്കാർ ദുരിതത്തിൽ
പ്രധാന റൂട്ടുകളിൽ യാത്രാ ദുരിതം ഇല്ലെങ്കിലും ഒന്നും രണ്ടും ബസുകൾ ഓടുന്ന ഉൾപ്രദേശങ്ങളിൽ ബസുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. തൃശൂർ - കുന്നംകുളം, തൃശൂർ - കൊടുങ്ങല്ലൂർ, തൃശൂർ - തൃപ്രയാർ തുടങ്ങിയ റൂട്ടുകളിൽ യാത്രാദുരിതം കുറവാണ്.
മൂന്നു മാസം കൂടുമ്പോൾ നികുതിയിനത്തിൽ 48 സീറ്റുകൾ ഉള്ള ബസുകൾക്ക് 30,000 രൂപ സർക്കാരിൽ അടയ്ക്കണം. ജനവരി മുതൽ അത് പൂർണമായി അടയ്ക്കേണ്ട അവസ്ഥയാണ്. ഒക്ടോബർ, നവംബർ, ഡിസംബർ കാലയളവിൽ പകുതിയാക്കി കുറച്ചിരുന്നു. എന്നാൽ പൂർണമായി നികുതിയിളവ് നൽകിയാൽ മാത്രമെ മുന്നോട്ട് പോകാനാകൂ.
- എം.എസ്. പ്രംകുമാർ, പ്രസിഡന്റ് പ്രൈവറ്റ് ബസ് ഓപറേഴ്‌സ് അസോസിയേഷൻ
ജില്ലയിലെ സ്വകാര്യ ബസുകൾ - 1200
ജി ഫോം നൽകിയത് - 1000 ഓളം
ജി ഫോം പിൻവലിച്ചത് - 35 %