covid

തൃശൂർ: കൊവിഡ് പോസിറ്റീവ് നിരക്കിൽ ജനുവരിയിൽ ആശ്വാസം. ഡിസംബർ അവസാന ഒന്നര ആഴ്ചയേക്കാൾ കുറവാണ് ജനുവരി മാസത്തിൽ ഇതുവരെയുള്ള കണക്കുകൾ. ഡിസംബർ 20 മുതൽ 31 വരെയുള്ള കണക്ക് പ്രകാരം 5612 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ജനുവരി ഒന്നു മുതൽ 11 വരെ 4415 പേർക്കാണ് രോഗബാധയുണ്ടായത്. അതേ സമയം മരണ നിരക്കിൽ കുറവില്ലെന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

ഡിസംബർ അവസാനം 25 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടപ്പോൾ ജനുവരിയിൽ ഇതുവരെ 24 പേർ മരിച്ചു. ഈ മാസം മൂന്നു ദിവസം മാത്രമെ 500ന് മുകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. തിങ്കളാഴ്ച മാസങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ രോഗനിരക്കും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം 168 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ സ്ഥിരീകരിക്കുന്നതിൽ 60 വയസിന് മുകളിലുള്ളവരും പത്തിനും 15 നും മദ്ധ്യേയുള്ള കുട്ടികളും ഉണ്ടെന്നത് ആശങ്ക വളർത്തുന്നു.

ഡിസംബർ 20 മുതൽ 31 വരെ

രോഗബാധിതർ- 5612, മരണം - 25


ജനുവരി 1 മുതൽ 11 വരെ

രോഗബാധിതർ - 4415, മരണം - 24
ജില്ലയിൽ ഇതുവരെ മരിച്ചത് - 351

വാക്‌സിൻ വരുന്നുവെന്ന ധൈര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നതായി ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ടെത്തൽ. നഗരത്തിലും മറ്റും വൻതിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. പോസിറ്റീവ് നിരക്ക് കുറഞ്ഞതും മുന്നറിപ്പുകൾ അവഗണിച്ച് പുറത്തിറങ്ങുന്നതിന് കാരണമാകുന്നുണ്ട്. ബീച്ചുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം കടുപ്പിച്ചിരുന്നു. കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ എന്നിവർക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നവർക്കെതിരെ സെക്ടറൽ മജിസ്‌ട്രേറ്റുമാർ നടപടികൾ തുടങ്ങി. കടുത്ത പിഴയോടെ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും പൊലീസിനും നിർദേശം നൽകിയിട്ടുള്ളത്.