തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ചർച്ചകൾ സജീവം. സി.പി.എമ്മിൽ മന്ത്രിമാരിൽ എ.സി. മൊയ്തീൻ മത്സരിക്കുമെങ്കിലും രവീന്ദ്രനാഥ് മത്സര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ പുതുക്കാട് പാർട്ടി ജില്ലാ സെക്രട്ടറി എം.എം. വർഗീസ് സ്ഥാനാർത്ഥിയാകാനും സാദ്ധ്യതയുണ്ട്.
ഇരിങ്ങാലക്കുടയിൽ കെ.യു. അരുണന് പകരം എം.കെ. കണ്ണന്റെ പേര് ഉയരുന്നുണ്ട്. വടക്കാഞ്ചേരിയിലും കണ്ണന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. അതേസമയം ഇവിടെ കെ. രാധകൃഷ്ണൻ, സേവ്യാർ ചിറ്റിലപ്പിള്ളി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
മേരി തോമസ് കഴിഞ്ഞ തവണ നൂറിൽ താഴെ വോട്ടിനാണ് പരാജയപ്പെട്ടത്. വനിതാ പ്രാതിനിധ്യം എന്ന നിലയിലും മേരി തോമസിനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. മണലൂരിൽ നിലവിൽ ചർച്ച മുരളി പെരുനെല്ലിയെ കേന്ദ്രീകരിച്ച് തന്നെയാണ്. എന്നാൽ വനിതാ പ്രാതിനിധ്യം എന്ന നിലയിൽ മേരി തോമസിനെ അവിേടക്ക് പരിഗണിക്കാനും സാദ്ധ്യതയുണ്ട്.
ചേലക്കരയിൽ വി.ആർ. പ്രദീപ് തുടർന്നേക്കും. കുന്നംകുളത്ത് നിലവിൽ എ.സി. മൊയ്തീന്റെ പേരാണ് ഉയർന്ന് വരുന്നതെങ്കിലും അദ്ദേഹം വടക്കാഞ്ചേരിയിലേക്ക് മാറാനുള്ള സാദ്ധ്യതയുമുണ്ട്. അങ്ങനെവന്നാൽ ജില്ലയിലെ യുവനേതാക്കളിൽ ആർക്കെങ്കിലും കുന്നംകുളത്ത് നറുക്ക് വീഴും. തുടർച്ചയായി മൂന്നു തവണ മത്സരിച്ച കെ.വി. അബ്ദുൾ കാദർ, ബി.ഡി. ദേവസി എന്നിവരിൽ ഗുരുവായൂരിൽ അബ്ദുൾ ഖാദറിന് മാത്രമേ സീറ്റ് ലഭിക്കൂവെന്നാണ് വിവരം.
ചാലക്കുടി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചാൽ ബി.ഡി. ദേവസി മാറി നിൽക്കേണ്ടി വരും. സി.പി.ഐ കഴിഞ്ഞ തവണ വിജയിച്ചത് അഞ്ച് സീറ്റുകളിലാണ്. ഇതിൽ തൃശൂരിൽ മന്ത്രി സുനിൽ കുമാർ മത്സരിച്ചേക്കില്ലെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ തവണ ആദ്യമായി മത്സരിച്ച് വിജയിച്ച കെ. രാജൻ(ഒല്ലൂർ), വി.ആർ. സുനിൽ കുമാർ(കൊടുങ്ങല്ലൂർ), ഇ.ടി. സൈമൺ മാസ്റ്റർ (കയ്പമംഗലം) എന്നിവർ ഇത്തവണയും മത്സരിച്ചേക്കും.
അതേ സമയം നാട്ടികയിൽ രണ്ട് തവണ മത്സരിച്ച് വിജയിച്ച ഗീത ഗോപിയുടെ കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. സംവരണ സീറ്റായ അവിടെ മത്സരിപ്പിക്കാൻ പ്രമുഖ നേതാവില്ലാത്തത് ഗീത ഗോപിക്ക് ഗുണമായേക്കും. ഈ മാസം അവസാനത്തോടെ ഏരിയ, മണ്ഡലം തലങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ അതത് പാർട്ടികൾ ശേഖരിച്ചേക്കും. ഇതനുസരിച്ചായിരിക്കും തീരുമാനങ്ങൾ കൈകൊള്ളുക. പ്രദേശിക ഘടകങ്ങളുടെ അഭിപ്രായം കൂടി മുഖവിലയ്ക്ക് എടുത്തേക്കും.