തൃശൂർ: ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ യോഗത്തിൽ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും. പാലിയേക്കരയിലെ ടോളിനെ നേരിടാൻ മണലിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയത്തിന് അനുമതി നൽകാത്തതിനെ ചൊല്ലിയാണ് തർക്കം ഉയർന്നത്.
എന്നാൽ വിഷയം പിന്നീട് പരിഗണിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പറഞ്ഞെങ്കിലും തൃപ്തരാകാതെ പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തദ്ദേശീയരുടെ യാത്രാദുരിതത്തിന് അറുതിയായി മണലിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കണമെന്ന പ്രമേയത്തിനാണ് പ്രതിപക്ഷ നേതാവ് കൂടിയായ ജോസഫ് ടാജറ്റ് നോട്ടീസ് നൽകിയത്.
എന്നാൽ പ്രമേയത്തിന് അനുമതി നൽകിയില്ല. ടോൾ വിഷയത്തിലെ രാഷ്ട്രീയമാണ് പ്രമേയം അനുവദിക്കാതിരിക്കാൻ കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. തദ്ദേശീയരുടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടക്കം ശാശ്വത പരിഹാരമായി മണലിപ്പുഴയ്ക്ക് കുറുകെ നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം പണിയണമെന്നാണ് ആവശ്യം. രണ്ടു പഞ്ചായത്തുകളുടെയും സർക്കാരിന്റെയും അനുമതി ലഭിച്ചാൽ ജില്ലാ പഞ്ചായത്തിന് പാലം യാഥാർത്ഥ്യമാക്കാനാകുമെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്.
ടോൾപിരിവ് ആരംഭിച്ചപ്പോൾ ജനം ഉപയോഗിച്ചിരുന്ന പൊതുമരാമത്ത് റോഡ് അടച്ചുകെട്ടിയിരുന്നു. യോഗത്തിൽ പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ , വി.എസ്. പ്രിൻസ്, ജിമ്മി ചൂണ്ടൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.