medi

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ അയൽജില്ലക്കാരായ കാൻസർ രോഗികൾക്ക് ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങാനാകുന്നത് നേരമിരുട്ടുമ്പോൾ മാത്രം. പാലക്കാട്, മലപ്പുറം ജില്ലകളിലെ നൂറുകണക്കിന് വയോധികരാണ് മെഡിക്കൽ കോളേജിൽ നട്ടം തിരിയുന്നത്. പുലർച്ചെ അഞ്ച് മുതൽ ആശുപത്രിയിൽ ഒ.പി. ടോക്കൺ നൽകും. അന്നേരം എത്തുന്ന ഇവർക്ക് തിരക്ക് കാരണം ഡോക്ടറെ കാണാനാകുന്നത് ഉച്ചയ്ക്ക് ശേഷമാകും. ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുമ്പോൾ പിന്നെയും വൈകും.

രാത്രി ഉറങ്ങാൻ കഴിയാതെയും പുലർച്ചെ മുതലുള്ള മണിക്കൂറുകളുടെ കാത്തിരിപ്പും മൂലവും പലർക്കും വീട്ടിലേക്ക് തിരിച്ച് യാത്ര ചെയ്യാനും വയ്യാതെയാകും. മെഡിക്കൽ കോളേജ് കാൻസർ ഒ.പി.യിലെത്തുന്നത് പ്രതിദിനം മുന്നൂറോളം രോഗികളാണ് . സീനിയർ ഡോക്ടറും രണ്ടോ മൂന്നോ അസിസ്റ്റന്റ് ഡോക്ടർമാരും ചേർന്നാണ് ഇവരെ പരിശോധിക്കുന്നത്. കീമോതെറാപ്പി ചെയ്യേണ്ട രോഗിയാണെങ്കിൽ ആശുപത്രിയിൽ നിന്ന് തിരികെ പോകുമ്പോൾത്തന്നെ രാത്രിയാകും. പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ സാധിക്കാത്തവരും കാൻസർ രോഗികളുടെ കൂട്ടത്തിലുണ്ട്. രാത്രിയിൽ വീട്ടിൽ നിന്ന് പുറപ്പെടുന്ന രോഗികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല, ഉയർന്ന പണച്ചെലവുമുണ്ട്. വീട്ടിൽ നിന്ന് പുറപ്പെടുന്ന സമയം പാതിരാത്രിയായതിനാൽ നിർദ്ധന രോഗികൾ ടാക്‌സി വിളിച്ചാണ് വരുന്നത്. ഭക്ഷണച്ചെലവും കരുതണം. ഡോക്ടറെ കാണുന്നതിന് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയാൽ അധിക സമയം കാൻസർ രോഗികൾ ആശുപത്രിയിൽ ചെലവിടേണ്ടി വരില്ല. കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ രോഗികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ ചികിത്സയും പരിശോധനയും കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങാാനുള്ള അവസരം ഉണ്ടാാക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ട്.

എം.ആർ.ഐ. സ്‌കാനിംഗിനുളള സൗകര്യം സ്വകാര്യസ്ഥാപനവുമായുളള കരാർപ്രകാരമാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. ഇത് നിർദ്ധനരോഗികൾക്ക് ഗുണകരമല്ല. സ്‌കാനിംഗ് യന്ത്രം ഉടൻ വരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ

ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 285 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത് 2018 ഡിസംബറിലായിരുന്നെങ്കിലുംനിർമാണം എങ്ങുമെത്തിയില്ല. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉടൻ യോഗം ചേരുമെന്നാണ് സൂചന. കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തുടർനടപടികളുണ്ടായില്ല. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി അംഗീകരിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇതിനുകാരണം. അടുത്തിടെയാണ് ഫണ്ടനുവദിക്കാനുള്ള രേഖകൾ കിഫ്ബിക്ക് നൽകിയത്. സ്വകാര്യ ഏജൻസിയായിരുന്നു പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. സ്ഥലപരിശോധന മുതൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അംഗീകാരം വരെയുള്ള നടപടികളാണ് പൂർത്തിയാക്കാനുണ്ടായിരുന്നത്. നിലവിലുള്ള ബ്ലോക്കിൽ സ്ഥലപരിമിതിയുണ്ട്.

ബ്‌ളോക്ക് യാഥാർത്ഥ്യമായാൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോളജി, ന്യൂറോസർജറി, കാർഡിയോളജി, ഉദരരോഗ വിഭാഗം, യൂറോളജി, നെഫ്‌റോളജി, പ്‌ളാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലെ ചികിത്സ മാത്രമല്ല അക്കാഡമിക് മേഖലകളിലും ഗുണകരമാകും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ന്യൂറോ സർജറിയും കാർഡിയോളജിയും ഒഴികെയുള്ള ചികിത്സ വിഭാഗങ്ങളെല്ലാം മറ്റു വകുപ്പുകളുടെ കീഴിലാണ് നടക്കുന്നത്.