കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യമുയരുന്നു. ദിവസേന നിരവധി പേരാണ് ടിക്കറ്റ് റിസർവ് ചെയ്യാൻ കൗണ്ടറിൽ വന്നിരുന്നത്. കൊവിഡിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിറുത്തിയതോടെ കൊടുങ്ങല്ലൂരിലെ ടിക്കറ്റ് റിസർവേഷനും നിറുത്തിവച്ചു.
പിന്നീട് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചെങ്കിലും കൗണ്ടർ പ്രവർത്തനം ആരംഭിക്കാനായില്ല. കൊടുങ്ങല്ലൂരിലും പരിസരത്തുമുള്ളവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഏറെ ആശ്വാസമായിരുന്നു കൗണ്ടർ. തകരാർ കാരണം പ്രവർത്തിക്കുന്നില്ലായെന്ന വിശദീകരണമാണ് ജീവനക്കാരിൽ നിന്ന് ലഭിക്കുന്നത്.
റിസർവേഷൻ കൗണ്ടർ കഴിഞ്ഞ രണ്ട് മാസം മുമ്പ് പ്രവർത്തനസജ്ജമാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് നിരവധി യാത്രക്കാരാണ് കൗണ്ടറിൽ വന്ന് പോകുന്നത്. തൃശൂരിൽ നിന്നുള്ള തകരാറാണ് കൗണ്ടർ പ്രവർത്തിക്കാതിരിക്കുന്നതിന് കാരണമെന്നാണ് വിശദീകരണം. ഇവിടത്തെ യാത്രക്കാർ ഇരുപത് കിലോമീറ്ററിന് ചുറ്റളവിലുള്ള ഇരിങ്ങാലക്കുട, ചാലക്കുടി, ആലുവ എന്നിവിടങ്ങളിൽ നിന്നാണ് ടിക്കറ്റ് എടുക്കുന്നത്. എത്രയും വേഗം അറ്റകുറ്റപ്പണികളും കേടുപാടുകളും തീർത്ത് കൗണ്ടർ പ്രവർത്തനസജ്ജമാക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.